ശാന്തൻപാറ: ശാന്തൻപാറ തൊട്ടിക്കാനത്ത് പണി പൂർത്തിയാകാത്ത വില്ലയ്ക്ക് സമീപത്തുനിന്നും 500 ലിറ്റർ കോട പിടികൂടി .ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസും ശാന്തൻപാറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തൊട്ടിക്കാനം കിഴക്കാതിമലയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ആലുവമറ്റത്തിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ പണി പൂർത്തീകരിക്കാത്ത വില്ലകളിൽ ഒന്നിന്റെ പിൻഭാഗത്ത് നിന്നുമാണ് കോട പിടികൂടിയത്. സ്ഥലത്ത് വർഷങ്ങളായി പണികൾ നടക്കുന്നുണ്ടായിരുന്നില്ല. ഇക്കാരണത്താൽ ആരെയും പ്രതി ചേർത്തിട്ടില്ല.പ്രിവന്റീവ് ഓഫീസർ കെ. എൻ രാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശാന്തൻപാറ ഗ്രേഡ് എസ്. ഐ അനിൽകുമാർ, സി. പി. ഒ കെ. എ .സനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ രാജ്, എം. നൗഷാദ്, ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.