town

കട്ടപ്പന: രണ്ട് ദിവസത്തെ മഴയ്ക്ക് ശേഷം മാനം തെളിഞ്ഞതോടെ ഇന്നലെ ടൗണുകളിൽ വൻ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി ജനങ്ങൾ കൂട്ടത്തോടെ വാഹനങ്ങളുമായി എത്തിയതോടെ കട്ടപ്പന നഗരം തിരക്കിലായി. പൊലീസ് പരിശോധന ഒഴിവാക്കാൻ ഇടവഴികളിലൂടെയും മാർക്കറ്റിനുള്ളിലൂടെയുമാണ് ആളുകൾ എത്തിയത്. ഇതോടെ നഗരസഭാദ്ധ്യക്ഷ ബീന ജോബിയും കട്ടപ്പന പൊലീസും ആരോഗ്യ പ്രവർത്തകരും നേരിട്ടെത്തി തിരക്ക് നിയന്ത്രിക്കുകയായിരുന്നു.
നഗരത്തിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. ചന്തകളിലടക്കം ആളുകൾ കൂട്ടംകൂടി. സത്യവാങ്മൂലമോ രേഖകളോ ഇല്ലാതെയാണ് പലരും എത്തിയത്. വാഹനത്തിരക്കേറിയതോടെ പൊലീസ് പരിശോധന വ്യാപിപ്പിച്ചു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പിഴ അടക്കമുള്ള നടപടി സ്വീകരിച്ചു. തുടർന്ന് നഗരസഭാദ്ധ്യക്ഷ ബീന ജോബിയുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിലെത്തി മുന്നറിയിപ്പ് നൽകി. ഉച്ചയോടെ മൈക്ക് അനൗൺസ്‌മെന്റിലൂടെയും മുന്നറിയിപ്പ് നൽകിയതോടെയാണ് ആളുകൾ മടങ്ങിയത്. ഇന്ന് മുതൽ പരിശോധന വ്യാപിപ്പിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.