6 ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്ന് മാറ്റി
ഉന്നതതല അന്വേഷണത്തിന് തീരുമാനം
കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്. പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ അസിസ്റ്റന്റ് എൻജിനിയർ, 2 ഓവർസിയർമാർ, 3 ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെ ചുമതലകളിൽ നിന്ന് മാറ്റി. കൂടാതെ ഉന്നത തല അന്വേഷണം നടത്താൻ ഇന്നലെ ചേർന്ന അടിയന്തര പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. 2017-18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. 967 മെറ്റീരിയൽ ജോലികളുടെ ബോർഡ് സ്ഥാപിക്കാൻ ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. സി.ഡി.എസ്. ചെയർപേഴ്‌സനെ പ്രധാന ഭാരവാഹിയാക്കി ഏയ്ഞ്ചൽ എന്ന പേരിൽ നിയമവിരുദ്ധമായി ആകിറ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റർ ചെയ്തു. തുടർന്ന് ബോർഡ് നിർമിക്കാൻ ഗ്രൂപ്പിന്റെ പേരിൽ ഭരണ പക്ഷത്തെ 2 പഞ്ചായത്ത് അംഗങ്ങൾക്ക് കരാർ നൽകി. ഒരു ബോർഡിന് 2952 രൂപയാണ് കരാർ തുക. സാധാരണ ഒരു ബോർഡിന് ചെലവാകുന്നതിന്റെ നാലിരട്ടി തുകയാണിത്. കൂടാതെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ തുക ഇരട്ടിയാക്കിയും ക്രമക്കേട് നടത്തി. ഇതിന്റെ മസ്റ്ററോൾ, എം. ബുക്ക്, വർക്ക് കോഡ് എന്നിവയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. തട്ടിപ്പ് ശ്രദ്ധയിൽപെട്ട പഞ്ചായത്ത് സെക്രട്ടറി ബി.ഡി.ഒ. ഉൾപ്പടെയുള്ളവർക്ക് റിപ്പോർട്ട് നൽകി.
അതിനിടെ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ മാറ്റി നിർത്തി ക്രമക്കേട് മറയ്ക്കാനും നീക്കമുണ്ടായി. എന്നാൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ട 6 പേരെയും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ഭരണപ്രതിപക്ഷത്തു നിന്നുള്ള 8 അംഗങ്ങൾ ആവശ്യപ്പെട്ടതോടെ അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർമാർ എന്നിവരെക്കൂടി മാറ്റി നിർത്താൻ തീരുമാനിച്ചത്. ജില്ലാ, ബ്ലോക്ക് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.
കേന്ദ്രാവിഷ്‌കൃത ഫണ്ട് ആയതിനാൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്. 2017 മുതലുള്ള പ്രസിഡന്റുമാരും സെക്രട്ടറിമാരും സെക്ഷൻ ക്ലർക്കുമാരും അന്വേഷണ പരിധിയിൽ വരും.