obit-sanija-32

അമ്മ കൊവിഡ് ബാധിച്ച് മരിച്ചത് 7 ദിവസം മുമ്പ്


കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഞ്ഞിന് ജന്മം നൽകി 10ാം ദിവസം യുവതി മരിച്ചു. മാട്ടുക്കട്ട ഗാന്ധിനഗർ വരവുകാലായിൽ സോജോയുടെ ഭാര്യ സനിജ(32) യാണ് മരിച്ചത്. സനിജയുടെ അമ്മ ജെസി തമ്പി(52) കഴിഞ്ഞ 10നാണ് കൊവിഡ് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സനിജയുടെ പ്രസവ ശുശ്രൂഷയ്ക്കായി ജെസി രണ്ടാഴ്ച മുമ്പ് മാട്ടുക്കട്ടയിൽ എത്തിയിരുന്നു. ഈസമയം സനിജയുടെ ഭർത്താവിന്റെ അമ്മയ്ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് ജെസിയും ഗർഭിണിയായ സനിജയും കട്ടപ്പന കല്ലുകുന്നിലുള്ള സഹോദരൻ സനുവിന്റെ വീട്ടിലേക്ക് താമസം മാറി. ഏപ്രിൽ 3നാണ് ജെസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 10ന് മരിച്ചു.
ജെസി കൊവിഡ് പോസിറ്റീവായതോടെ സനിജയെ പ്രസവ ശുശ്രൂഷക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാക്കി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ന്യുമോണിയ ബാധിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരിച്ചത്. കുട്ടിക്ക് രോഗബാധയില്ല. സംസ്‌കാരം ഇന്ന് 12 ന് കട്ടപ്പന ഇരുപതേക്കർ പൊതു ശ്മശാനത്തിൽ. സജോമോൻ , സനിറ്റ എന്നിവരാണ് മറ്റു മക്കൾ.