ചങ്ങനാശേരി: പച്ചക്കറി കൃഷിയുടെ കലവറ ആയ തൃക്കൊടിത്താനം, മണിമുറി, അമര ആലുംപറമ്പിൽ, പായിപ്പാട്, മാന്താനം പ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധിയിൽ. പണികൂലി വർദ്ധനവും വളങ്ങളുടെ വില വർദ്ധനവും കൃഷി ചെയ്താൽ ഫലം കിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷി നിർത്തിയാലോ എന്നാലോചനയിലാണ് പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന പല കർഷകരും.
തൃക്കൊടിത്താനം പഞ്ചായത്തിലെ മണിമുറി പാടശേഖരം മുതൽ ചെങ്ങരൂർചിറക്കു താഴ്‌വശം വരെ ആയിരം ഏക്കറിലധികം നിലത്തിൽ നൂറിലധികം കർഷകരാണ് കൃഷി ചെയുന്നത്. പടവലം, പാവൽ, വെള്ളരി, കുമ്പളം, വെണ്ട, ചേന, ചേമ്പ്, വാഴ, ചീര, കപ്പ തുടങ്ങിയ എല്ലാ കാർഷിക വിഭവങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. തൃക്കൊടിത്താനം വി. എഫ്. പി. സി. കെ. സ്വാശ്രയ കർഷക വിപണി വഴി ചങ്ങനാശേരി, തിരുവല്ല, കറുകച്ചാൽ, കോഴഞ്ചേരി, മന്താനം, വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കച്ചവടക്കാർ ഇവിടെ നിന്നാണ് പച്ചക്കറികൾ കൊണ്ടു പോകുന്നത്. കൃഷിയ്ക്കായി കൂടുതലും ജൈവ വളമാണ് ഉപയോഗിക്കുന്നത്. എന്നാൽ, കൂടുതൽ കൃഷി ഉള്ളതിനാൽ ജൈവ വളം മാത്രം ഉപയോഗിക്കാൻ കഴിയില്ലന്നും കർഷകർ പറയുന്നു.
ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, എന്നിവക്കു പുറമെ പൊട്ടാസം, യൂറിയ, എന്നിവയും ഉപയോഗിച്ചു വരുന്നു. നല്ലഇനം ചീര ഏറ്റവും കൂടുതൽ കൊണ്ടു പോകുന്നത് ആലപ്പുഴ, കായംകുളം, മാവേലിക്കര എന്നിവിടങ്ങിളിൽ നിന്നാണ്. തമിഴ് നാട്ടിൽ നിന്നും കൂടുതൽ പച്ചക്കറികൾ കേരളത്തിലേക്ക് വരുന്നതിനാൽ ഇവിടെയും അതു ബാധിക്കുന്നു. ഒരു ഏക്കർ സ്ഥലത്ത് കപ്പകൃഷി മാത്രം ചെയ്യുന്നതിന് ഏകദേശം നാല്പതിനായിരം രൂപ മുതൽ മുടക്കുമ്പോൾ ഒരു കിലോയ്ക്ക് 20രൂപ പോലും കിട്ടുന്നില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയുടെ അവസ്ഥയും വളരെ മോശമാകുന്നു. കാലാവസ്ഥ വ്യതിയാനവും പ്തികൂലമായി ബാധിക്കുന്നു. കാർഷിക ഉത്പന്നങ്ങളുടെ വില വർദ്ധനവും കൊവിഡ് മഹാമാരി രൂക്ഷമായതും കർഷകരിൽ ആശങ്ക ഉയർത്തുകയാണ്. ലോക്ക്ഡൗൺ മൂലം വള കടകളും പ്രവർത്തിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു.
വളത്തിന് അടിക്കടി ഉണ്ടാകുന്ന വില വർദ്ധനവുമൂലം വിചാരിക്കുന്നതിൽ അധികം പണം കൃഷിക്കായി ചിലവാക്കേണ്ടി വരുന്നു. വർഷത്തിൽ കിട്ടുന്ന സർക്കാരിന്റെ ആനുകൂല്യം ഒന്നിനും തികയില്ല
രാജപ്പൻ പുതുപ്പറമ്പിൽ
കർഷകൻ