അടിമാലി:അടിമാലി താലൂക്ക് ആശുപത്രിയുടെ വികസനത്തിനും കൊവിഡ് വാർഡിനുമായി 11, 26,500 രൂപയുടെ സഹായവുമായി സുമനസ്സുകൾ. 5 വെന്റിലേറ്ററുകൾ അവയ്ക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്കായി 1,03,600 രൂപാ വീതം അടിമാലി സർവ്വീസ് സഹകരണബാങ്ക്, അടിമാലിയിലെ കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാർ, അടിമാലി എസ്.എൻ.ഡി. ശാഖാ യോഗത്തിന്റെ നേതൃത്വത്തിലുള്ള ആശ്രയ ചാരിറ്റിബിൾ സൊസൈറ്റിയും, എസ്.എൻ.ഡി.പി സ്‌കൂളിലെ 1995 എസ്.എസ്.എൽ.സി ബച്ച് പൂർവ്വ വിദ്യാർത്ഥികളും അടിമാലി വ്യാപാരി വ്യവസായി സർവ്വീസ് സഹകരണ ബാങ്ക്,ഈസ്റ്റേൺ കോൺഡിമെന്റ്‌സ്, എന്നിവർ ചേർന്ന് 5 നോൺ ഇൻവസീവ് വെന്റിലേറ്ററും (എൻ.ഐ.വി ) യും അനുബന്ധ ഉപകരണങ്ങളും നൽകിയത്. കൂടാതെ 40,000 രൂപ ചിലവിൽ 4 എ സി.കൾ അടിമാലി ജെ.സി. ഐ, വൈസ് മെൻ സെൻട്രൽ ക്ലബ്ബ്, അടിമാലി ചാരിറ്റിബിൾ സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നൽകി. 4, 88,500 രൂപയുടെ ട്രാൻസ്പാർട്ട് വെന്റിലേറ്റർ ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ജിതിൻ കെ. ശ്രീയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള 19 പേരിൽ നിന്നുമായി സ്വരൂപിച്ച് ആശുപത്രിയ്ക്ക് നൽകി. കൊവിഡ് ആശുപത്രിയാകുന്നതിന് ഏറ്റവും ആവശ്യമായ വെന്റിലേറ്ററുകളുടെ ലഭ്യതയ്ക്ക് ഇതോടെ പരിഹാരമായി.