അടിമാലി: നേര്യമംഗലം വനമേഖലയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കളക്‌ട്രേറ്റിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. വനം, പഞ്ചായത്ത്, റവന്യു വകുപ്പുകൾ ഇതു സംബന്ധിച്ചുള്ള സംയുക്ത പരിശോധന നടത്തും. ഇന്ന് മുതൽ പരിശോധന നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ അനന്തര നടപടികൾ സ്വീകരിക്കും. വനമേഖല ഒഴികെയുള്ള പാതയോരങ്ങളിൽ ട്രീ കമ്മിറ്റി യുടെ പരിശോധന പ്രകാരം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കണം. സിഎച്ച്ആർ മേഖലയിൽ റോഡ് അരികിൽ അപകടാവ സ്ഥയിലുള്ള മരങ്ങൾ വനം വകുപ്പ് പരിശോധന വഴി മുറിച്ചു മാറ്റണം. ദേശീയപാത 85 ൽ നേര്യമംഗലം അടിമാലി റോഡ്,നേര്യമംഗലം പനംകുട്ടി റോഡ്,മുട്ടംചെറുതോണി,മൂന്നാർചിന്നാർ തുടങ്ങി ഫോറസ്റ്റ് പാതയിൽ എല്ലായിടത്തും ഫോറസ്റ്റ്, റവന്യു, പഞ്ചായത്ത് എന്നിവർ കൂടി ചേർന്ന് മുറിക്കേണ്ട മരങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ തിട്ടപ്പെടുത്തി അവ അടിയന്തിര പ്രാധാന്യത്തോടെ മുറിച്ചുമാറ്റും.ഡീൻ കുര്യാക്കോസ് എംപി, കളക്ടർ എച്ച്. ദിനേശൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.