കരിമീൻ ഉൾപ്പടെയുള്ള കായൽമത്സ്യങ്ങളുടെ വിലയിടിഞ്ഞു
കുമരകം: തണ്ണീർമുക്കം ബണ്ട് തുറന്ന് നീരൊഴുക്ക് ശക്തമായതോടെ വേമ്പനാട്ട് കായലിലും അനുബന്ധ ജലാശയങ്ങളിലും നാടൻ മത്സ്യങ്ങളുടെ ചാകര. കായലിൽ മത്സ്യ ബന്ധനം നടത്തുന്ന മത്സ്യതൊഴിലാളികൾക്ക് കരിമീൻ ഉൾപ്പടെയുള്ള നാട്ടുമത്സ്യ കൊയ്ത്താണ് ഇപ്പോൾ.കൊഞ്ച് ,കണ്ണി ,കൂരി ,കണമ്പ് ,പുല്ലൻ ,പൂമീൻ ,മുരശ് ,കാളാഞ്ചി ,ചെമ്മീൻ ,ആരാൻ ,പൂളാൻ തുടങ്ങിയ മത്സ്യങ്ങളും വല നിറയെ ലഭിക്കുന്നുണ്ട്. ലോക്ഡൗണിൽ കായൽ ടൂറിസം നിലച്ചതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും നിശ്ചലമാണ്. ഇതോടെ ജലമലിനീകരണ തോത് കുറഞ്ഞു. കായൽ ജലത്തിൽ പ്രാണവായു കൂടി. വേനൽ ശക്തമായപ്പോൾ കായൽ ജലനിരപ്പ് 60സെന്റിമീറ്റർ വരെ മുമ്പ് താഴ്ന്നിരുന്നു. കോളിഫോം ബാക്ടീരിയയുടെ അളവു കൂടുകയും ചെയ്തു . ഷട്ടർ ഉയർത്തി ഒഴുക്ക് വർദ്ധിച്ചതോടെ ഇവെക്കെല്ലാം പരിഹാരമായി.
വിലയിടിഞ്ഞു
അതേസമയം കായൽ മത്സ്യങ്ങളുടെ ലഭ്യത വർദ്ധിച്ചതോടെ വില ഗണ്യമായി കുറഞ്ഞു. കടൽക്ഷോഭം മൂലം കടൽമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞത് മൂലം നാട്ടുമത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറിയെങ്കിലും ലോക് ഡൗൺ മൂലമുള്ള വാഹന നിയന്ത്രണം മത്സ്യവ്യാപാരത്തിന് തിരിച്ചടിയാണ്.
കോട്ടയം വെസ്റ്റ് ഉൾനാടൻ മത്സ്യ തൊഴിലാളി സംഘത്തിലെ വിലനിലവാരം
കരിമീൻ എ പ്ലസ്: 390
കരിമീൻ എ: 350
കരിമീൻ ബി: 280
കരിമീൻ സി: 200
കണ്ണി: 150
പുല്ലൻ: 60
കൂരി: 50
വരാൽ:150
കാരി:150
മഞ്ഞകൂരി: 100