മുണ്ടക്കയം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് മുണ്ടക്കയം പഞ്ചായത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആദ്യ ദിനത്തിൽ വൻ വിജയകരമെന്ന് വിലയിരുത്തൽ. അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളും, തുറക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം മതിയെന്ന തീരുമാനമാണ് ഏറെ അനുകൂലമായത്. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞതോടെ ജനതിരക്ക് പൂർണ്ണമായി നിലച്ചു.മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റു സ്ഥാപനങ്ങൾ ഒന്നും തുറന്നിരുന്നില്ല. വാഹനങ്ങൾ നിരത്തിലിറങ്ങിയത് കുറവായിരുന്നു. മുണ്ടക്കയം ബൈപ്പാസിന്റെ രണ്ടു വശങ്ങളിലും പൊലീസ് കർശന പരിശോധനയാണ് നടത്തിയിരുന്നത്. അതിനാൽ തന്നെ യാത്രക്കാർ ആരും എത്തിയിരുന്നില്ല. കൊവിഡ് ചുമതലയുള്ള ഡിവൈ.എസ്.പി. മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിൽ പൊലീസ് വിവിധ പ്രദേശങ്ങളിൽ പെട്രോളിംഗ് നടത്തിയതും ഏറെ പ്രയോജനകരമായി.ഇതിനിടയിൽ പഞ്ചായത്തിലെ വട്ടക്കാവിൽ കൊവിഡ് ബാധിച്ചു ഒരാൾ മരിച്ചു.