ചങ്ങനാശേരി : ശക്തമായ മഴയിൽ തോടും ഓടകളും നിറഞ്ഞൊഴുകി കുറിച്ചി ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് താത്കാലിക തോട് നിർമ്മിച്ച് കുറിച്ചി ഗ്രാമപഞ്ചായത്ത് വെള്ളക്കെട്ടൊഴിവാക്കി. പഞ്ചായത്തിലെ 1, 2, 3, 5, 6, 15, 16, 17, 19, 20 വാർഡുകളിലെ വീടുകളിൽ വെള്ളം കയറുകയും ജനങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു. 17ാം വാർഡിലെ പുലിക്കുഴി, 16ാം വാർഡിലെ ചാണകക്കുഴി, ചകിരിക്കമ്പനി, ആറാം വാർഡിലെ ചേലചിറ കോളനി അഞ്ചാം വാർഡിലെ എട്ടു മുറി കോളനി എന്നിവിടങ്ങളിലെ വീടുകൾക്കുള്ളിൽ പൂർണ്ണമായും വെള്ളം കയറിയിരുന്നു. കുറിച്ചി ഔട്ട് പോസ്റ്റ് മുതൽ കരിനാട്ടുവാല വരെയുള്ള രണ്ടു കിലോമീറ്റർ ദൂരം വരുന്ന നടപ്പുറം തോട്ടിലെ പോളയും ചെളിയും മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തു. ചാണ്ടിശേരി പാടത്തിൽ കാട്ടുചേമ്പുകൾ വളർന്ന് വെള്ളം കെട്ടി കിടന്നതിനാൽ 500 മീറ്റർ ദൂരത്തിൽ താല്ക്കാലികമായി പുതിയ തോട് നിർമ്മിച്ച് വെള്ളം ഒഴുക്കിവിട്ടു. 16ാം വാർഡിലെ ചാണകക്കുഴി ഭാഗത്ത് 200 മീറ്റർ ദൂരത്തിൽ കടകലും, പായലും നിറഞ്ഞത് വാരി മാറ്റി നീരൊഴുക്ക് സാദ്ധ്യമാക്കി.

വ്യാപക കൃഷിനാശം

വിവിധ വാർഡുകളിലായി നിരവധി കർഷകരുടെ കപ്പ, ചേമ്പ്, വാഴ, ചേന തുടങ്ങിയ നിരവധി കാർഷിക വിളകൾക്കും നാശം സംഭവിച്ചിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിക്കുകയും ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് സുജാത സുശീലൻ, വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ, സെക്രട്ടറി അനിൽകുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ പ്രീതാ കുമാരി, സുമ എബി, അഭിജിത്ത് മോഹനൻ, വാർഡ് മെമ്പർമാരായ പൊന്നമ്മ സത്യൻ, മഞ്ചു കെ.എൻ, സിന്ധു സജി, പ്രശാന്ത് മനന്താനം, ഷീന മോൾ, കെ.ആർ ഷാജി, വിജു പ്രസാദ്, വില്ലേജ് ഓഫീസർ സലിം സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.