പാലാ: 'എനിക്ക് വലിയ കടപ്പാടുണ്ട്, എന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും ചക്കാമ്പുഴയിലെ നല്ലവരായ നാട്ടുകാരോടും ' നിയുക്ത മന്ത്രി റോഷി അഗസ്റ്റ്യൻ കേരള കൗമുദിയോടു പറഞ്ഞു. മന്ത്രിസ്ഥാനമേൽക്കാൻ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും മുമ്പ് ചക്കാമ്പുഴയിലെ തറവാട്ടുവീട്ടിൽ മാതാപിതാക്കളായ അഗസ്റ്റ്യന്റെയും ലീലാമ്മയുടെയും അനുഗ്രഹം തേടി എത്തിയതായിരുന്നു റോഷി .

'കർഷക കുടുംബത്തിൽ ജനിച്ച ഞാൻ വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ എന്റെ മാതാപിതാക്കൾക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അകമഴിഞ്ഞ പിന്തുണയും സഹകരണവുമാണ് നൽകിയത്. അപ്പച്ചന് കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഒരുപങ്ക് എനിക്ക് സ്‌കൂട്ടറിൽ പെട്രോളടിക്കാനും ചെലവിനുമായി തരുമ്പോഴും നിറഞ്ഞ പുഞ്ചിരി എന്നെ മുന്നോട്ട് നയിച്ചു. കോളേജ് പഠനകാലത്ത് എന്റെ സുഹൃത്തുക്കളിൽ മിക്കവരും രാത്രികാലങ്ങളിൽ എന്നോടൊപ്പം വീട്ടിലാണ് ഭക്ഷണവും താമസവും നടത്തിയിരുന്നത്. യാതൊരു എതിർപ്പും കൂടാതെ ഞങ്ങൾക്ക് എല്ലാവർക്കും ഭക്ഷണം വെച്ചു വിളമ്പിതരുന്ന അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ സ്‌നേഹനിധി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അകമിഴിഞ്ഞു സ്‌നേഹിച്ചിരുന്ന മാതാപിതാക്കളും എന്റെ സഹോദരങ്ങളുമാണ്...റോഷി പറഞ്ഞു.

പുതിയ ഉത്തരവാദിത്വത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ മാതാപിതാക്കളുടെ സ്‌നേഹവും അനുഗ്രഹവും പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ടാകുമെന്ന ഉറപ്പും റോഷി അഗസ്റ്റ്യനുണ്ട്.ഇടുക്കിയിൽ എം.എൽ.എ ആകുന്നതിന് തൊട്ടുമുമ്പുവരെ റോഷി ചക്കാമ്പുഴയിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ ഭാര്യയോടും മക്കളോടും ഒപ്പമാണ് റോഷി ചക്കാമ്പുഴയിലെത്തിയത്.