കട്ടപ്പന: ഡ്രൈവിംഗ് ഇത്ര ഹരമായി കൊണ്ടുനടക്കുന്ന എം.എൽ.എ, റോഷി അല്ലാതെ മറ്റാരും സംസ്ഥാനത്ത് ഉണ്ടാകില്ല. യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത വാഹനങ്ങൾ, സമയമുണ്ടെങ്കിൽ ഡ്രൈവറിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഒന്ന് ഓടിച്ചുനോക്കാതെ പോകില്ല. ചെറുപ്പത്തിൽ തുടങ്ങിയ വാഹനങ്ങളോടുള്ള ഹരത്തിന് ഇപ്പോഴും യാതൊരു കുറവുമില്ല. ഇന്നലെ മന്ത്രിയായി പ്രഖ്യാപിച്ച ശേഷം എൻ. ജയരാജ് എം.എൽ.എക്കൊപ്പം തിരുവനന്തപുരത്തേയ്ക്ക് ഇന്നോവയിൽ പോയപ്പോഴും സാരഥി റോഷിയായിരുന്നു. മുമ്പ് എം.എൽ.എയായിരുന്നപ്പോഴും ഡ്രൈവറില്ലാത്തപ്പോൾ തിരുവനന്തപുരത്തുനിന്ന് ഇന്നോവ ഓടിച്ച് മണ്ഡലത്തിലെത്തി തിരികെയെത്തുമായിരുന്നു.
ഇഷ്ടവാഹനങ്ങൾ ആംബാസിഡറും ബുള്ളറ്റുമാണ്. ഇഷ്ട നമ്പർ 7007. റബ്ബർ വെട്ടിയും തടിപ്പണി ചെയ്തും സമ്പാദിച്ച പണം കൊണ്ട് 19ാം വയസിലാണ് ആദ്യ വാഹനമായ വെസ്പ സ്‌കൂട്ടർ സ്വന്തമാക്കിയത്. പിന്നീട് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റായിരിക്കെ കാസർഗോഡുനിന്ന് തിരുവനന്തപുരത്തേയ്ക്ക് ബുള്ളറ്റ് റാലിയും സംഘടിപ്പിച്ചു. ഈ കാലയളവിൽ കെ.എം. മാണിയുടെ സംസ്ഥാനത്തുടനീളമുള്ള പരിപാടികളിൽ അദ്ദേഹത്തിന്റെ വാഹനം ഓടിച്ചിരുന്നതും റോഷിയായിരുന്നു. ആദ്യമായി വാങ്ങിയ ആംബാസിഡറിന്റെ നമ്പരായിരുന്നു 7007. പിന്നീട് പലതവണ ഉപയോഗിച്ച ആംബാസിഡറിനും ഇതേ നമ്പർ തന്നെ കിട്ടി. വർഷങ്ങൾക്ക് ശേഷം ബൊലേറോ വാങ്ങിയപ്പോൾ ഇഷ്ട നമ്പർ ലഭിച്ചെങ്കിലും കിട്ടിയത് 707 ആണ്. അതിനുശേഷം വാങ്ങിയ ഇന്നോവയ്ക്ക് 7007 നമ്പർ തിരിച്ചുകിട്ടി. ഈ വാഹനം പലതവണ അപകടത്തിൽപ്പെട്ടതോടെ ഒടുവിൽ മാറ്റി വാങ്ങി. ഇപ്പോൾ സെക്കൻഡ് ഹാൻഡ് വാഹനമാണ് ഉപയോഗിച്ചുവരുന്നത്.