കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ലക്ഷങ്ങളുടെ ക്രമക്കേടിന് പിന്നാലെ ഗുണഭോക്താക്കളെ കബളിപ്പിച്ച സംഭവങ്ങളും പുറത്തായി. തൊഴിലുറപ്പ് പദ്ധതിപ്രകാരം പൂർത്തീകരിച്ച നിരവധി പ്രവൃത്തികളുടെ തുക ഗുണഭോക്താക്കൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. കന്നുകാലി തൊഴുത്ത്, ആട്ടിൻ കൂട്, ജലസംഭരണി, മഴവെള്ള സംഭരണി, മത്സ്യക്കൃഷി, പട്ടുതാക്കുളം, ബയോഗ്യാസ് പ്ലാന്റ്, കോഴി വളർത്തൽ തുടങ്ങിയ പ്രവൃത്തികളുടെ തുകയാണ് നൽകാനുള്ളത്. കടം വാങ്ങിയും പലിശയ്‌ക്കെടുത്തുമാണ് രണ്ടും മൂന്നും ലക്ഷങ്ങൾ ചെലവഴിച്ച് പ്രവൃത്തികൾ പൂർത്തിയാക്കിയത്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും സർക്കാർ വിഹിതം ലഭിക്കാതെ വന്നതോടെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ തിരക്കിയപ്പോൾ, അനുവദിച്ച തുക മെറ്റീരിയൽ ജോലികൾക്ക് വേണ്ടി ചെലവഴിച്ചതായി അറിയുന്നത്.
മറ്റ് പ്രവൃത്തികളുടെ പണം നൽകാതെ മെറ്റീരിയൽ ജോലികൾക്ക് ബോർഡ് സ്ഥാപിക്കാൻ തുക വിനിയോഗിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് 2,85,000 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
2017 18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 967 മെറ്റീരിയൽ ജോലികളുടെ ബോർഡ് സ്ഥാപിക്കാൻ ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ചു. സി.ഡി.എസ്. ചെയർപേഴ്‌സനെ പ്രധാന ഭാരവാഹിയാക്കി ഏയ്ഞ്ചൽ എന്ന പേരിൽ നിയമവിരുദ്ധമായി ആകിറ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റർ ചെയ്തു. തുടർന്ന് ബോർഡ് നിർമിക്കാൻ ഗ്രൂപ്പിന്റെ പേരിൽ ഭരണ പക്ഷത്തെ 2 പഞ്ചായത്ത് അംഗങ്ങൾക്ക് കരാർ നൽകി. ഒരു ബോർഡിന് 2952 രൂപയാണ് കരാർ തുക. സാധാരണ ഒരു ബോർഡിന് ചെലവാകുന്നതിന്റെ നാലിരട്ടി തുകയാണിത്. കൂടാതെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ തുക ഇരട്ടിയാക്കിയും ക്രമക്കേട് നടത്തി. തട്ടിപ്പ് ശ്രദ്ധയിൽപെട്ട പഞ്ചായത്ത് സെക്രട്ടറി ബി.ഡി.ഒ. ഉൾപ്പടെയുള്ളവർക്ക് റിപ്പോർട്ടും നൽകി.
തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ, 2 ഓവർസീയർമാർ, 3 ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെ മാറ്റി നിർത്തി അന്വേഷണം നടത്താൻ പഞ്ചായത്ത് അടിയന്തര കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
അന്വേഷണം

നടത്തണം

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. ഉപ്പുയറ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 4 വർഷമായി നടന്ന ക്രമക്കേട് കണ്ടെത്താൻ എൻ.ആർ.ഇ.ജിയുടെ ജില്ലാ,
ബ്ലോക്ക് ഓഫീസുകൾക്ക് കഴിയാത്തത് അന്വേഷിക്കണം. വിജിലൻസിന് ഉടൻ പരാതി നൽകുമെന്നും വിവരാവകാശ രേഖയുടെ മറുപടി കിട്ടിയ ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികളായ ഒ.എസ്. ബിനു, എം.എൻ. പ്രസന്നൻ, സജിൻ കരിക്കാട്ട് എന്നിവർ അറിയിച്ചു.
ക്രമക്കേടിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കുര്യൻ ആവശ്യപ്പെട്ടു.