കട്ടപ്പന: കൊവിഡ് ബാധിച്ചുമരിച്ച സനിജയുടെ മൃതദേഹം കട്ടപ്പന ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന മൃതദേഹം ഡി.വൈ.എഫ്.ഐ. കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ഏറ്റുവാങ്ങി. അന്ത്യാഞ്ജലിയർപ്പിക്കാൻ ഭർത്താവ് സോജോയും 2 ബന്ധുക്കളും ശാന്തിതീരത്ത് എത്തിയിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി 10ാം ദിവസമാണ് സനിജ(32) മരിച്ചത്. സനിജയുടെ അമ്മ ജെസി തമ്പി(52) കഴിഞ്ഞ 10ന് കൊവിഡ് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ കഴിയുമ്പോഴാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ന്യുമോണിയ ബാധിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് സനിജ മരിച്ചത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ജിബിൻ മാത്യു, ട്രഷറർ ഏബി മാത്യു, മേഖലാ കമ്മിറ്റി സെക്രട്ടറി ഫൈസൽ ജാഫർ എന്നിവർ പി.പി.ഇ. കിറ്റ് ധരിച്ച് സംസ്‌കാരം നടത്തി.