കട്ടപ്പന: കട്ടപ്പന നഗരസഭയുടെ കൊവിഡ് ഹെൽപ് ഡെസ്‌കിൽ വിളിച്ച് വ്യാജ സന്ദേശം നൽകിയ സംഭവത്തിൽ അധികൃതർ കട്ടപ്പന പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വ്യാജ സന്ദേശമെത്തിയത്. ഫോണിൽ വിളിച്ചയാൾ, 18ാം വാർഡിലെ ഒരു കുടുംബത്തിലെ 3 പേർക്ക് കൊവിഡ് പോസിറ്റീവാണെന്നും ഇവർക്ക് ഭക്ഷണം എത്തിക്കണമെന്നും അറിയിച്ചു. തുടർന്ന് വാർഡിലെ സന്നദ്ധ പ്രവർത്തകനെ വിളിച്ച് വിവരം നൽകി. ഇദ്ദേഹം ഭക്ഷണം വാങ്ങി വാർഡിലെത്തി അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു കുടുംബത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തെറ്റായ വിവരം നൽകിയ വ്യക്തിയെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പൊലീസിൽ പരാതി നൽകുകയായിരുന്നു.