ചങ്ങനാശേരി : കുറിച്ചി പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ അഞ്ചൽക്കുറ്റി - ചാലച്ചിറ റോഡിന്റെ കല്ലുകടവ് ചലച്ചിറ ഭാഗത്ത് തോട്ടിലേക്ക് മണ്ണിടിച്ചിൽ മൂലം റോഡ് അപകടാവസ്ഥയിൽ. റോഡ് നിരപ്പിൽ നിന്ന് ഏറെ താഴ്ന്നാണ് ഇതുവഴിയുള്ള മാളികക്കടവ് കണ്ണമ്പേരൂർതോട് കടന്നുപോകുന്നത്. മഴക്കാലത്ത് തോട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ശക്തമായ ഒഴുക്കും ഉണ്ടാകാറുണ്ട്. സംരക്ഷണ ഭിത്തിയില്ലാത്തതാണ് തുടർച്ചയായി മണ്ണ് ഇടിച്ചിൽ സംഭവിക്കുന്നതിന് ഇടയാക്കുന്നത്. ഇത് വഴി സർവീസ് നടത്തിയ ബസ് തോടിന്റ കരയിലുള്ള വീടിന്റെ മുകളിലേക്ക് വീണ സാഹചര്യവും ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനോടൊപ്പം വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലെ ആഴം മേറിയ കുഴികളും വെള്ളക്കെട്ടും ഇതുവഴിയുള്ള കാൽനട യാത്രയും ദുഷ്‌ക്കരമാക്കുന്നു. റോഡ് ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്ന് ബി.ജെ.പി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.