കോട്ടയം : രണ്ടാഴ്ചയായി കുമരകം പഞ്ചായത്തില്‍ 52.29 ശതമാനം വരെ ഉയര്‍ന്ന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 40 ശതമാനത്തിൽ താഴെയായി. ഈ മാസം 12 മുതല്‍ 18 വരെയുള്ള കണക്കുപ്രകാരം കുമരകം 38.64 ശതമാനം പോസിറ്റിവിറ്റിയുമായി അഞ്ചാം സ്ഥാനത്താണ്. നിലവില്‍ ജില്ലയില്‍ പോസിറ്റിവിറ്റി ഏറ്റവും കൂടുതല്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ്- 48.50 ശതമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായ 167 പേരില്‍ 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറവന്തുരുത്ത് (46.04), ഉദയനാപുരം (40.51), തിരുവാര്‍പ്പ് (39.11) എന്നീ പഞ്ചായത്തുകളിലും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുണ്ട്. 22 തദ്ദേശ സ്ഥാപന മേഖലകളില്‍ പോസിറ്റിവിറ്റി 30നും 40നും ഇടയിലാണ്. 20നും 30നും ഇടയിലുള്ള 41 സ്ഥലങ്ങളുണ്ട്. പോസിറ്റിവിറ്റി 20ല്‍ കുറവുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 11 ആയി വര്‍ദ്ധിച്ചു.