പൊൻകുന്നം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഓടകൾ മൂടിപ്പോയതിനാൽ പ്രധാന പാതകളിലടക്കം മഴവെള്ളം റോഡിലൂടെ ഒഴുകുന്നു. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഓടകളിൽ മാലിന്യവും ചപ്പുചവറുകളും നിറഞ്ഞു. ഒപ്പം കാടുവളർന്ന് റോഡിലേക്ക് പടർന്നു. മുൻവർഷങ്ങളിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കുന്ന പതിവ് ഇക്കുറി കൊവിഡ് മൂലം മുടങ്ങി. ദേശീയപാതയിലും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലും മഴവെള്ളം റോഡിന് മീതെ ഒഴുകുന്ന സ്ഥിതിയിലാണ്. സംസ്ഥാനപാതയുടെ രണ്ടാംഘട്ട നിർമ്മാണം നടക്കുന്ന പൊൻകുന്നം - പുനലൂർ പാതയിൽ പൊൻകുന്നം പ്ലച്ചേരി റീച്ചിൽ മിക്കയിടത്തും ചെളിക്കുഴിയായി. സംരക്ഷണഭിത്തി ഇടിഞ്ഞുവീണ സംഭവങ്ങളും ഉണ്ടായി. മഴവെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്. ചെറുപാതകളിലൂടെ യാത്ര ചെയ്യാൻപോലും പറ്റാത്ത അവസ്ഥയിലാണ്. ടാറിംഗ് തകർന്ന് റോഡുകളിൽ കിടങ്ങുകളും കുഴികളും രൂപപ്പെട്ടു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ അതിനുമുമ്പ് റോഡുകൾ നന്നാക്കുന്നതിനും ഓടകൾ വൃത്തിയാക്കുന്നതിനും തൊഴിലാളികൾ ഇല്ലാത്തതടക്കം പ്രതിസന്ധികളേറെയാണെന്നാണ് അധികൃതർ പറയുന്നത്.