കുമരകം : വർഷത്തിൽ 9 മാസവും വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരാണ് തരിശുനില കൃഷിയിലുടെ പ്രശസ്തമായ മെത്രാൻകായലിനു സമീപമുള്ള പൊങ്ങലക്കരിയിലെ 13 വീട്ടുകാർ. കോളനിയുടെ കിഴക്കുഭാഗത്തുള്ളവർക്കാണ് ഒട്ടു മിക്ക മാസങ്ങളിലും പുരയിടത്തിലും മുറ്റത്തും വെളളം കയറുന്നത്. കുമരകത്തിന്റെ മറ്റു പ്രദേശങ്ങളിലെ പറമ്പിൽ വൈള്ളം കയറുമ്പോൾ കരിനിവാസികളുടെ വീടിനുള്ളിൽ മുട്ടറ്റം വെള്ളമാകും. ഓരോ വർഷവും ഭൂമി താഴ്ന്നതോടെ വെള്ളപ്പൊക്ക കെടുതികളും ഏറുകയാണ്. പാവപ്പെട്ട മത്സ്യതൊഴിലാളികളും കർഷക തൊഴിലാളികളും ആണ് ഇവിടെ അധിവസിക്കുന്നത്. നിത്യവൃത്തി കഴിക്കാൻ പാടുപെടുന്ന വീട്ടുകാർക്ക് വീടും പുരയിടവും വെള്ളപ്പൊക്ക കെടുതികളിൽ നിന്നൊഴിവാക്കാൽ മണ്ണിട്ടുയർത്തണമെന്ന മോഹം സ്വപ്നമായി അവശേഷിക്കുകയാണ്.
വീട് നിർമ്മാണവും പാതിവഴിയിൽ
2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് റോട്ടറി ക്ലബും അമേരിക്കൻ മലയാളി അസോസിയേഷനും സംയുക്തമായി കുമരകത്ത് 25 വീടുകൾ നിർമ്മിച്ച് നൽകാൻ തീരുമാനിച്ചു. ഇതിൽ 19 വീടുകളും പൊങ്ങലക്കരിക്കാർക്കായിരുന്നു. രണ്ട് വീടുകളുടെ നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയത്. ബാക്കി 17 വീടുകളിൽ ചിലത് ഭിത്തിപ്പുറം വരെ മാത്രമാണ് നിർമ്മാണം നടന്നത്. കോൺട്രാക്ടറുടെ മെല്ലപ്പോക്കാണ് വീട് നിർമ്മാണം പാതിവഴിയിൽ നിലയ്ക്കാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു.
നേട്ടം കമ്മ്യൂണിറ്റി ഹാൾ മാത്രം
കോളനിയിൽ എടുത്തു പറയാവുന്ന നേട്ടം ഇന്നർ വിൽ ക്ലബ് നിർമ്മിച്ച് നൽകിയ കമ്മ്യൂണിറ്റി ഹാൾ മാത്രമാണ്. വാഹനസഞ്ചാര യോഗ്യമായ പാലം എന്ന കരിയിൽ നിവാസികളുടെ സ്വപ്നം മണ്ണ് പരിശോധനയോടെ നിലച്ചു. ഒട്ടുമിക്ക പ്രദേശങ്ങളിലും പൈപ്പുവെള്ളം എത്തിക്കാൻ കഴിഞ്ഞെങ്കിലും വെള്ളത്തിൽ നീന്തി എത്തി വേണം കുടിവെള്ളം ശേഖരിക്കാൻ.