അന്വേഷിക്കാൻ ബി.ഡി.ഒയ്ക്ക് നിർദേശം

കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ 5 ജീവനക്കാരെ കളക്ടർ സസ്‌പെൻഡ് ചെയ്തു. അക്രഡിറ്റഡ് എൻജിനീയർ, 2 ഓവർസീയർമാർ, 2 ഡി.ടി.പി. ഓപ്പറേറ്റർമാർ എന്നിവർക്കെതിരെയാണ് നടപടി. കൂടാതെ സംഭവത്തിൽ ബി.ഡി.ഒ. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ ഉത്തരവായി. നടപടി നേരിട്ടവർ കരാർ ജീവനക്കാരാണ്. ഉന്നത തല അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലാണ് കളക്ടറുടെ അടിയന്തര ഇടപെടൽ.
പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.

തട്ടിപ്പ് തുടങ്ങിയത് നാല് വർഷം മുമ്പ്

2017-18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് തട്ടിപ്പ് നടത്തിയത്. 967 മെറ്റീരിയൽ ജോലികളുടെ ബോർഡ് സ്ഥാപിക്കാൻ ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. സി.ഡി.എസ്. ചെയർപേഴ്‌സനെ പ്രധാന ഭാരവാഹിയാക്കി ഏയ്ഞ്ചൽ എന്ന പേരിൽ നിയമവിരുദ്ധമായി ആകിറ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റർ ചെയ്തു. തുടർന്ന് ബോർഡ് നിർമിക്കാൻ ഗ്രൂപ്പിന്റെ പേരിൽ ഭരണ പക്ഷത്തെ 2 പഞ്ചായത്ത് അംഗങ്ങൾക്ക് കരാർ നൽകുകയായിരുന്നു. ഒരു ബോർഡിന് 2952 രൂപയാണ് കരാർ തുക. സാധാരണ ഒരു ബോർഡിന് ചെലവാകുന്നതിന്റെ നാലിരട്ടി തുകയാണിത്. കൂടാതെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ തുക ഇരട്ടിയാക്കിയും ക്രമക്കേട് നടത്തി. ഇതിന്റെ മസ്റ്ററോൾ, എം. ബുക്ക്, വർക്ക് കോഡ് എന്നിവയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. പൂർത്തീകരിച്ച പ്രവൃത്തികളുടെ തുക ഗുണഭോക്താക്കൾക്ക് നൽകാതെ മെറ്റീരിയൽ ജോലികൾക്ക് മാറ്റി ചെലവഴിക്കുകയായിരുന്നു.

കന്നുകാലി തൊഴുത്ത്, ആട്ടിൻ കൂട്, ജലസംഭരണി, മഴവെള്ള സംഭരണി, മത്സ്യക്കൃഷി, പട്ടുതാക്കുളം, ബയോഗ്യാസ് പ്ലാന്റ്, കോഴി വളർത്തൽ തുടങ്ങിയ പ്രവൃത്തികളുടെ തുക ഇപ്പോഴും ഗുണഭോക്താക്കൾക്ക് നൽകാനുണ്ട്. ലക്ഷങ്ങൾ കടം വാങ്ങിയും പലിശയ്‌ക്കെടുത്തുമാണ് ആളുകൾ ജോലികൾ പൂർത്തീകരിച്ചത്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും സർക്കാർ വിഹിതം ലഭിക്കാതെ വന്നതോടെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ തിരക്കിയപ്പോഴാണ് അനുവദിച്ച തുക മെറ്റീരിയൽ ജോലികൾക്ക് വേണ്ടി ചെലവഴിച്ചതായി അറിയുന്നത്. തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.