പാലാ : ദുരിതത്തിലായ ക്ഷീരകർഷകരെ രക്ഷിക്കാൻ പാൽ സംഭരിച്ച് പാൽപ്പൊടിയുണ്ടാക്കാൻ മിൽമയ്ക്ക് നിർദ്ദേശം നൽകണമെന്ന് എൻ.സി.കെ സംസ്ഥാന പ്രസിഡന്റും നിയുക്ത എം.എൽ.എയുമായ മാണി സി കാപ്പൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇപ്പോൾ രാവിലെ മാത്രമാണ് മിൽമ പാൽ സംഭരിക്കുന്നത്. ഇതുമൂലം കേരളത്തിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലാണ്. പാൽ വിറ്റൊഴിക്കാൻ മാർഗമില്ലാതെ ക്ഷീരകർഷകർ വലയുകയാണ്. ഉത്പാദിപ്പിക്കുന്ന പാൽ മറിച്ചു കളയേണ്ട ദുരവസ്ഥയാണ് കർഷർക്കുള്ളത്. കഴിഞ്ഞ ലോക് ഡൗൺകാലത്ത് പാൽ സംഭരിക്കുമ്പോൾ അധികം വരുന്ന പാൽ ഉപയോഗിച്ച് പാൽപ്പൊടി തയ്യാറാക്കുമെന്ന നിർദ്ദേശം ഉയർന്നിരുന്നു. ഇത് നടപ്പാക്കാത്തതു മൂലമാണ് ക്ഷീര കർഷകർ ദുരിതത്തിലായത്. ദുരിതത്തിലായ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.