vacci

കോട്ടയം: കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശയക്കുഴപ്പം പ്രതിരോധ പ്രവ‌ർത്തനങ്ങളെ താളം തെറ്റിക്കുന്നു. ജില്ലയിൽ 60 വയസിനു മുകളിലുള്ള ആളുകളിൽ 50 ശതമാനത്തിലധികം പേർക്കും ഇനിയും വാക്‌‌സിനെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് 18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചത്. ഫലത്തിൽ ആദ്യഡോസ് ലഭിക്കാതെ ജില്ലയിലെ 80 ശതമാനത്തിലധികം പേരുണ്ട്.

മാർച്ച് ആദ്യത്തോടെയാണ് ജില്ലയിലും കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. അന്ന് പക്ഷേ, കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും വാക്‌സിൻ വിതരണത്തിൽ സമ്മർദം ചെലുത്തിയില്ല. ഏപ്രിൽ അവസാനത്തോടെ കൊവിഡ് രണ്ടാം തരംഗം എത്തിയപ്പോഴാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. എന്നാൽ, ഈ സമയത്ത് ആവശ്യമായ വാക്‌സിൻ സ്റ്റോക്കുണ്ടായിരുന്നില്ല.

അറുപത് വയസിനു മുകളിലുള്ളവരിൽ ഗുരുതരമായ രോഗം ബാധിച്ചവ‌ർക്കാണ് വാക്‌സിൻ നൽകിയത്. ഇവരിൽ തന്നെ 25 ശതമാനം എങ്കിലും ഇപ്പോഴും വാക്‌സിൻ ലഭിച്ചവരുടെ പട്ടികയ്‌ക്ക് പുറത്താണ്. തുടർന്നാണ്, 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. ഇവരുടേത് അടുത്ത ഘട്ടത്തിലേയ്‌ക്ക് കടന്നതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഈ വിഭാഗത്തിലും ഭൂരിഭാഗം പേരും ഇപ്പോഴും വാക്‌സിൻ ലഭിക്കാത്തവരാണ്. ഇതിനിടെയാണ് 18 വയസു മുതൽ 45 വയസ് വരെയുള്ളവർക്ക് വാക്‌സിൻ ലഭിക്കുമെന്ന പ്രഖ്യാപനം എത്തിയത്. ഇവരിലും ഗുരുതരമായ രോഗം ബാധിച്ചവരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്.

രജിസ്റ്റർ ചെയ്യാൻ തടസം

കൊവിഡ് ഒന്നാം ഡോസ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ജില്ലയിൽ 18 വയസിനു മുകളിലുള്ളവർ. അറുപതിന് മുകളിൽ പ്രായമുള്ളവരിൽ ആദ്യ ഡോസ് ലഭിക്കാത്തവ‌ർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല. ചിലർക്കാകട്ടെ ആദ്യ ഡോസിന് രജിസ്റ്റർ ചെയ്‌ത ശേഷം വാക്‌സിനേഷൻ സെന്റർ തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല. ജില്ലയിൽ ആയിരത്തിൽ താഴെ ആളുകൾക്കു മാത്രമാണ് പല ദിവസങ്ങളിലും വാക്‌സിനെടുക്കുന്നത്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ സാധാരണക്കാരായ പലർക്കും വാക്‌സിൻ ലഭിക്കാൻ മാസങ്ങൾ തന്നെ വേണ്ടി വരുമെന്നാണ് സൂചന.