
കോട്ടയം: നിയുക്ത സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഇന്ന് രാവിലെ പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിലെത്തി ധീര രക്തസാക്ഷികളെ അഭിവാദ്യം ചെയ്ത ശേഷമേ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് പോകൂ.
പാമ്പാടി ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിലെ ബെഞ്ചിൽ കിടന്നു വളർന്ന് പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ വാസവൻ ഇന്ന് മന്ത്രികസേരയിൽ എത്തുമ്പോൾ അതു യു.ഡി.എഫ് കോട്ടയയായ കോട്ടയത്ത് പാർട്ടിയെ വളർത്തിയതിന്റെ പ്രതിഫലം കൂടിയാവുന്നു. വൈക്കം വിശ്വനും സുരേഷ് കുറുപ്പും ഏറ്റുമാനൂർ എം.എൽ.എമാരായിരുന്നിട്ടും കോട്ടയംകാരനായ ആദ്യ സി.പി.എം മന്ത്രിയാകാനുള്ള അവസരം ലഭിച്ചത് വാസവന് മാത്രമാണ്.
ഇന്നലെ ഉച്ചയോടെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വാസവന് ജില്ലാ സെക്രട്ടറി എ.വി. റസൽ, എം.ടി.ജോസഫ് ,സി.ഐ.ടി.യും ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥ് തുടങ്ങിയവർ വരവേൽപ്പു നൽകി. തുടർന്ന് പാർട്ടി ഏറ്റുമാനൂർ ഏരിയകമ്മിറ്റി ഓഫീസിലെത്തി. മുൻ എം.എൽ.എ കെ.സുരേഷ് കുറുപ്പ് അവിടെ സ്വീകരിച്ചു. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം ഭക്ഷണവും കഴിച്ചാണ് പമ്പാടിയിലെ വീട്ടിലേക്ക് പോയത്.
മികച്ച സഹകാരിയെന്ന മികവ്
കോട്ടയം ജില്ലയിലെ സഹകരണ പ്രസ്ഥാനം നേരത്തേ കോൺഗ്രസിന്റെ കൈയിലായിരുന്നു. സഹകരണ മേഖലയിൽ സി.പി.എമ്മിന്റെ ശക്തി വർദ്ധിപ്പിക്കുക എന്ന നിയോഗം ഏറ്റെടുക്കാൻ പാർട്ടി നിയോഗിച്ച വി.എൻ.വാസവന്റെ സഹകരണ മേഖലയിലെ തുടക്കം പാമ്പാടി ചെത്തു തൊഴിലാളി സഹകരണ സംഘത്തിൽ നിന്നാണ് . സംഘം പ്രസിഡന്റായി . വെള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ ഭരണം പിടിച്ചെടുത്തു. പാമ്പാടിയിൽ റൂറൽ ഹൗസിംഗ് സൊസൈറ്റി രൂപീകരിച്ച് ദീർഘകാലം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ജില്ലയിലെ മറ്റു ബാങ്കുകളുടെ ഭരണം പാർട്ടിയുടെ കൈപ്പിടിയിൽ എത്തിച്ചു. കോട്ടയം ജില്ലാ ബാങ്കിന്റെ പ്രസിഡന്റ് പദവിയിൽ എത്തി. സഹകരണ കൺസോർഷ്യം രൂപീകരിച്ചു. പാമ്പാടിയിൽ റബ്‌കോയുടെ രൂപീകരണത്തിനും നേതൃത്വം നൽകി. റബ്കോ ചെയർമാനായി. ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗമാണ്. റബ്‌കോ കൊയർമാട്രിസ് ഫാക്ടറി വാസവൻ എന്ന സഹകാരിയുടെ വിജയമാണ്. റബ്കോ സഹകരണ സംഘം , സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ അലകും പിടിയും മാറ്റിയ വാസവൻ ജില്ലയിൽ പല സഹകരണ സംഘങ്ങളും ഇടതു ഭരണത്തിലാക്കി.