ചങ്ങനാശേരി : ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം കൃഷി ചെയ്ത മീൻ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. പായിപ്പാട് കൃഷിഭവന് കീഴിൽ എട്ട്യാകരി 167 ഏക്കർ പാടശേഖരത്തിലും, കോമങ്കേരി പാടത്ത് 13 ഏക്കറിലും കൃഷി ചെയ്ത മീനാണ് ഒഴുകിപ്പോയത്. അഞ്ചുമാസം പ്രായമായ രോഹു, കട്ടള മീനുകളാണ് കൃഷി ചെയ്തിരുന്നത്. എട്ട്യാകരി പാടശേഖരത്തിൽ മൂന്നു ലക്ഷം മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ജൂണിൽ വിളവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. പെട്ടെന്നുള്ള മഴയും ലോക്ക്ഡൗണും എത്തിയതോടെ മീൻ പിടിയ്ക്കാൻ വല അടക്കമുള്ള ഉപകരണങ്ങൾ വാങ്ങാൻ കഴിയാതെ വന്നതിനാൽ മീൻ ഒഴുകിപ്പോവുന്നത് നോക്കി നിൽക്കാനെ കർഷകർക്കായുള്ളൂ. 120 ഓളം കർഷകർ ചേർന്നാണ് 167 ഏക്കർ പാടശേഖരത്തിൽ കൃഷി ഇറക്കിയത്. 15 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായിട്ടുള്ളതായി എട്ട്യാകരി പാടശേഖര സെക്രട്ടറി ജോജി ജേക്കബ് പറഞ്ഞു. 13 ഏക്കർ കോമങ്കേരി പാടശേഖരത്തിൽ ഏഴ് പേർ ചേർന്നാണ് കൃഷി ഇറക്കിയത്. ഒരേ കാലയളവിൽ ഇറക്കിയ കൃഷിയാണിത്. രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇവിടെയുണ്ടായി.