പൊൻകുന്നം:ഇലക്ട്രീഷ്യനായ രതീഷ് പുതിയ കട തുടങ്ങിയപ്പോൾ ഇരിക്കാൻ ഒരു കസേരയും പിന്നെ ഒരു മേശയും ആവശ്യമായിരുന്നു.വില കൊടുത്തുവാങ്ങാനുള്ള പണം ഇല്ലാത്തതുകൊണ്ട് കസേരയും മേശയും തനിയെ ഉണ്ടാക്കി. കടയിൽ അത്യാവശ്യം ജോലികൾ കിട്ടിത്തുടങ്ങി.
അപ്പോഴാണ് സീലിംഗ്ഫാൻ നന്നാക്കുന്നതിന് വൈൻഡിംഗ് മെഷീൻ ആവശ്യമായി വന്നത്.അതും തനിയെ ഉണ്ടാക്കി.എലിക്കുളം ഉരുളികുന്നംകാരനായ കല്ലുക്കുന്നേൽ രതീഷ്‌കുമാർ പണ്ടേ ഇങ്ങനെയാണ്. ആവശ്യമുള്ള സാധനങ്ങൾ കഴിയുന്നത്ര തനിയെ ഉണ്ടാക്കും.പക്ഷേ ഇതൊന്നും ആരും അറിയുകയോ അറിയിക്കുകയോ ചെയ്യാറില്ലായിരുന്നു. എന്നാൽ ഇക്കുറി വൈൻഡിംഗ് മെഷീൻ ഉണ്ടാക്കിയതോടെ രതീഷ് നാട്ടിൽ ശ്രദ്ധേയനായി.
രതീഷിനെ അന്വേഷിച്ചും മെഷീൻ കാണാനും ഉന്നതരടക്കം നിരവധി പേരാണ് എത്തുന്നത്.കേരളത്തിൽ നിർമ്മിക്കുന്നില്ലാത്ത ഈ മെഷീൻ അന്യസംസ്ഥാനത്ത് നിന്നാണ് വാങ്ങുന്നത്.30000ത്തിന് മുകളിലാണ് വില. യൂ ട്യൂബ് സഹായത്തോടെ ദിവസം രണ്ടു മണിക്കൂർ ചെലവഴിച്ച് ആറു മാസം കൊണ്ടാണ് രതീഷ് ഇലക്ട്രോണിക് വൈൻഡിംഗ് മെഷീൻ നിർമ്മിച്ചത്. നിർമ്മാണ ചിലവ് പതിനായിരത്തിൽ താഴെയും. ഇതുകൂടാതെ പുല്ലുവെട്ടിയും, പി.വി.സി പൈപ്പുകൊണ്ടുള്ള ഫാൻസി ലൈറ്റുകളും നിർമ്മിച്ചിട്ടുണ്ട്. എല്ലാ പിന്തുണയുമായി ഭാര്യ രഞ്ജിനിയും രണ്ടാം ക്ലാസുകരനായ മകൻ ദേവസൂര്യനും ഒപ്പമുണ്ട്.
ചിത്രവിവരണം1. രതീഷ് നിർമ്മിച്ച ഫാൻ വൈൻഡിംഗ് മെഷീൻ.
2. രതീഷ് നിർമ്മിച്ച ഫാൻസി ലൈറ്റ്.