bund

കുമരകം: തണ്ണീർമുക്കം ബണ്ടിലെ സാങ്കേതികത്തകരാർ മൂലം തുറക്കാൻ കഴിയാതിരുന്ന രണ്ട് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ മുഴുവൻ ഷട്ടറുകളും തുറക്കാനായി. വെച്ചൂർ ഭാഗത്തു നിന്നുള്ള രണ്ടാം ഘട്ടത്തിലെ 10 എമർജൻസി ഷട്ടറുകളിൽ ഉൾപ്പെട്ടതാണ് ഇത്. ഇതോടെ, ബണ്ടിലെ 90 ഷട്ടറുകളും നാല് ലോക്കുകളും തുറന്നു. തുറന്ന രണ്ട് ഷട്ടറുകളുടെ ലോക്ക് സിസ്റ്റം തകരാറിലായതിനെ തുടർന്ന് അടയുകയായിരുന്നു. എല്ലാ ഷട്ടറുകളും യന്ത്രസഹായത്താലാണ് ഇപ്പോൾ തുറക്കുന്നത്. തകരാർ മൂലം തുറക്കാൻ സാധിക്കാതിരുന്ന ഷട്ടറുകൾ ഉൾപ്പെടുന്ന 10 എമർജൻസി ഷട്ടറുകൾ മാറ്റി സ്ഥാപിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട വിഭാഗത്തിനു സമർപ്പിച്ചിട്ടുണ്ടെന്ന് മെക്കാനിക്കൽ വിഭാഗം അധികൃതർ പറഞ്ഞു.