milk

കോട്ടയം: ഉത്പാദനം കൂടിയതിനൊപ്പം കൊവിഡ് പ്രതിസന്ധിയിൽ വിൽപ്പന കുറഞ്ഞു. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ക്ഷീരമേഖല. ക്ഷീര സംഘങ്ങളിൽ നിന്ന് മിൽമ മലബാർ മേഖല ഉച്ചകഴിഞ്ഞുള്ള പാൽ സംഭരണം നിർത്തി. എറണാകുളം, തിരുവനന്തപുരം മേഖലകളും പാൽ സംഭരണം പ്രതിസന്ധിയിലാണ്.

മലബാർ മേഖലകളിലെ ആറ് ജില്ലകളെ ഇത് സാരമായി ബാധിച്ചു. പല കർഷകരും കറന്നെടുത്ത പാൽ ഒഴുക്കിക്കളയുകയാണ്.

ചിലർ കൊവിഡ് രോഗികൾക്കും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കും മറ്റും സൗജന്യമായി പാൽ വിതരണം ചെയ്യുന്നുണ്ട്. 16 ലക്ഷത്തിലധികം ലിറ്റർ പാലാണ് ക്ഷീര സംഘങ്ങൾ വഴി മിൽമ നിത്യേന സംഭരിക്കുന്നത്. ഇത് പാലും പാൽ ഉൽപ്പന്നങ്ങളുമാക്കി ചെലവഴിച്ചിരുന്നു.

ലോക്ക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും തുടങ്ങിയതോടെ 11.5-12 ലക്ഷം ലിറ്ററിലധികം വിറ്റഴിക്കാനാവുന്നില്ല. ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക് ഡൗൺ വിൽപ്പനയെ സാരമായി ബാധിച്ചു. പതിവായി കടകളിലും ഹോട്ടലുകളിലും അത്തരം സ്ഥാപനങ്ങളിലും പാൽ നൽകിയിരുന്ന കർഷകർക്ക് ലോക്ക്ഡൗണോടെ ഈ വിപണി അടഞ്ഞു. ഇതോടെ ഈ പാലും ക്ഷീരസംഘങ്ങളിലേക്ക് എത്തി തുടങ്ങി. ഇത് സംഭരിക്കാൻ ചില ക്ഷീരസംഘങ്ങൾക്ക് സാധിക്കുന്നില്ല.

ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിച്ച് പാൽപ്പൊടിയാക്കി മാറ്റുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ പാൽ കൊണ്ടുപോവുന്നതിലും പ്രതിസന്ധിയുണ്ട്.

ഈ സംസ്ഥാനങ്ങളും കൊവിഡ് പ്രതിസന്ധിയിൽ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിലാണ്. അതുകൊണ്ട് അവിടെയും പാൽ ഉണ്ട്. എറണാകുളത്ത് നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ പാൽപ്പൊടി ഫാക്ടറിയിൽ പാൽ എത്തിച്ച് വാഹനം തിരികെ എത്താൻ മൂന്നുദിവസം വേണ്ടിവരും.

മിൽമയ്ക്ക് സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ഡയറികളിലേക്ക് കൊണ്ടു പോകുന്നതിന് സ്വന്തവും വാടകയ്ക്ക് എടുക്കുന്നതുമായ ടാങ്കറുകളാണുള്ളത്. പാലുമായി അയൽനാടുകളിൽ പോയി വരുന്നതിന് ആവശ്യത്തിന് ടാങ്കറുകൾ ലഭിക്കുന്നില്ല.

ആലപ്പുഴയിലാണ് പാൽപ്പൊടി ഫാക്ടറി കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നത്. അത് പ്രവർത്തിക്കാതെ നശിച്ചു പോയി. മലപ്പുറത്ത് പുതിയത് സ്ഥാപിക്കാൻ തറക്കല്ലിട്ടിട്ട് മാസങ്ങളായി. പൂർത്തിയാക്കൽ ഒരു വർഷം കൂടി വേണം. കഴിഞ്ഞ കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തിരഞ്ഞെടുത്തത് ക്ഷീരമേഖലയാണ്. ഇത് പാൽ ഉത്പാദനം കൂട്ടി. മഴ പെയ്ത് പച്ച പുല്ല് ലഭ്യമായതും പാൽ ഉത്പാദനം വർദ്ധിക്കാൻ കാരണമായി.