കൂടുതൽ ഡോക്ടർമാരും വേണ്ടിവരും
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രി സി. കാറ്റഗറി കൊവിഡ് ആശുപത്രിയായി ഉയർത്തിയെങ്കിലും പ്രവർത്തനം വൈകുന്നു. വെന്റിലേറ്റർ സൗകര്യം ആവശ്യമില്ലാത്ത കൊവിഡ് രോഗികൾക്ക് ഇവിടെ ചികിത്സ ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഡോക്ടർമാരുടെ കുറവും മതിയായ ഓക്‌സിജൻ സിലിണ്ടറുകൾ ഇല്ലാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയായി ഉയർത്തിയത്. ഒരേസമയം 20 രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും അധികൃതർ ഒരുക്കിക്കഴിഞ്ഞു. എന്നാൽ 8 ഓക്‌സിജൻ സിലിണ്ടർ മാത്രമാണ് ഇവിടെയുള്ളത്. ഇതുപയോഗിച്ച് 2 പേർക്ക് മാത്രമേ ഓക്‌സിജൻ ലഭ്യമാക്കാൻ കഴിയൂ. 13 സിലിണ്ടറുകൾ കൂടി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
പൂർണതോതിൽ സി. കാറ്റഗറി കോവിഡ് ആശുപത്രി പ്രവർത്തിക്കണമെങ്കിൽ 25ലധികം ഡോക്ടർമാർ വേണ്ടിവരും. എന്നാൽ 12 പേർ മാത്രമാണ് ഇപ്പോഴുള്ളത്. 5 പേരെക്കൂടി നിയമിച്ചാൽ ആശുപത്രി പ്രവർത്തനം ആരംഭിക്കാൻ കഴിയും. അതേസമയം രോഗിബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ അടിയന്തര സാഹചര്യത്തിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ ഉപയോഗിച്ച് ആശുപത്രി പ്രവർത്തിപ്പിക്കേണ്ടിയും വരും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചികിത്സ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും ആശുപത്രി അധികൃതരും. അതേസമയം കൊവിഡ് ആശുപത്രിയായി മാറുന്നതോടെ മറ്റ് രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. അത്യാഹിത വിഭാഗം മാത്രമേ ഇവിടെ പ്രവർത്തിക്കുകയുള്ളൂ.