പാലാ:നഗരസഭയ്ക്ക് കേന്ദ്രസർക്കാരിൽ നിന്നും ഒരുകോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ വികസന ഫണ്ട് ലഭിച്ചു. ശുചിത്വ മാലിന്യനിർമ്മാർജ്ജന, കുടിവെള്ളപദ്ധതികളുടെ അടിസ്ഥാന പ്രശ്‌ന പരിഹാരങ്ങൾക്കായാണ് ഫണ്ടിൽ ഏറിയ പങ്കും ചിലവഴിക്കുക. ഫണ്ട് വിനിയോഗത്തിൽ കേന്ദ്ര ധനകാര്യകമ്മീഷൻ കൃത്യമായ മാർഗരേഖകളും നൽകിയിട്ടുണ്ട്. പാലായിലെ പൊതുശ്മശാനം നവീകരിച്ച് ഇവിടെ ഗ്യാസ് ചേംബർ സ്ഥാപിക്കുന്ന പദ്ധതിക്കാണ് കേന്ദ്രഫണ്ടിൽ നിന്നും ഏറ്റവും കൂടുതൽ തുക ചിലവഴിക്കുക. ഇതിനായി കേന്ദ്രഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് നീക്കിവയ്ക്കുക. പാലാ നഗരത്തിലെയും വിവിധ വാർഡുകളിലെയും പൊതു കംഫർട്ട്‌ സ്റ്റേഷനുകൾ നവീകരിക്കാൻ 20 ലക്ഷത്തോളം രൂപ നീക്കിവച്ചിട്ടുണ്ട്.ആധുനിക രീതിയിലുള്ള കശാപ്പുശാലയ്ക്കായി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചിലവഴിക്കും. അടുത്തിടെ വെള്ളക്കെട്ട് രൂപപ്പെട്ട ചെത്തിമറ്റം കുളംകണ്ടം
മൈതാനത്തെ വെള്ളക്കെട്ടൊഴിവാക്കി മാലിന്യവിമുക്തമാക്കുന്നതിന് 4 ലക്ഷം രൂപ ഈ ഫണ്ടിൽനിന്ന് നീക്കിവെയ്ക്കും. കുളം കണ്ടത്തെ വെള്ളക്കെട്ടിനെ പറ്റി 'കേരള കൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പണം ചിലവഴിക്കൽ

കുടിവെള്ളപദ്ധതി: 20 ലക്ഷം രൂപ

തെരുവ് വിളക്ക് അറ്റകുറ്റപണി: 10 ലക്ഷം രൂപ
മുരിക്കുമ്പുഴ പനയ്ക്കൽ ഓട നവീകരണം: 3 ലക്ഷം രൂപ
നഗരസഭാ ഹരിതസേനയ്ക്ക്: 3 ലക്ഷം രൂപ

കേന്ദ്രഫണ്ടോ... ആരും മിണ്ടില്ല

പാലാ:ഒരു വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം പോലും കൊട്ടിഘോഷിച്ച്, ആഘോഷമാക്കുന്ന പാലാ നഗരസഭാധികൃതർ ഒന്നരക്കോടിയിൽപരം രൂപ കേന്ദ്രഫണ്ട് ലഭിച്ചിട്ടും കമാന്ന് മിണ്ടിയിട്ടില്ല. പൊതുജനത്തെ അറിയിച്ചില്ല എന്നത് പോകട്ടെ,മുനിസിപ്പൽ കൗൺസിലർമാരോട് പോലും ഇത് സംബന്ധിച്ച കാര്യങ്ങൾ മറച്ചുവച്ചുവെന്നാണ് ആക്ഷേപം. ഇതേചൊല്ലി ഭരണപക്ഷാംഗങ്ങൾ തന്നെ രൂക്ഷ വിമർശനമുയർത്തിയതായി പറയപ്പെടുന്നു.

തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇന്നലെ ഓൺലൈനായി നഗരസഭാ കൗൺസിൽ യോഗം ചേർന്നിരുന്നു. എന്നാൽ ഈ യോഗത്തിന്റെ അജൻഡപോലും തന്നില്ലന്ന് നഗരസഭാ പ്രതിപക്ഷനേതാവ് പ്രഫ.സതീഷ്‌ചൊള്ളാനി പറഞ്ഞു. ഇതേസമയം ഭരണപക്ഷാംഗങ്ങളുടേത് ഉൾപ്പടെ പലവാർഡുകളികളിലേക്കും നയാ പൈസ പോലും കിട്ടിയില്ലന്നും വിമർശനമുയർന്നിട്ടുണ്ട്. പൊതുകാര്യത്തിനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നതെന്നും വാർഡ് വർക്കുകൾക്ക് അല്ലെന്നുമാണ് നഗരഭരണ നേതൃത്വത്തിന്റെ
നിലപാട്.