കട്ടപ്പന: പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് വൃദ്ധയുടെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ. നരിയംപാറ സ്വദേശിനിയായ 85കാരിയുടെ ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയാണ് താലൂക്ക് ആശുപത്രിയിൽ നടത്തിയത്. വീണ് ഇടുപ്പെല്ല് തകർന്ന വൃദ്ധയെ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായാധിക്യവും ഹൃദ്രോഗമുള്ളതിനാലും അനസ്‌തേഷ്യ നൽകുന്നതിന് വെല്ലുവിളിയായെങ്കിലും ആത്മവിശ്വാസത്തോടെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. ഇന്നലെ മണിക്കൂറുകൾ എടുത്ത് ഇടുപ്പെല്ല് മാറ്റിവച്ച് ദൗത്യം പൂർത്തീകരിച്ചു.
സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയാണിത്. വളരെ അപൂർവമായി മാത്രമേ താലൂക്ക് ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്താറുള്ളൂ. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇത് രണ്ടാം തവണ സങ്കീർണമായ ശസ്ത്രക്രിയ നടത്തി വിജയകരമായി പൂർത്തീകരിച്ചത്. ഓർത്തോ സർജൻ ഡോ. ജിശാന്ത് ബി.ജയിംസ്, അനസ്‌തേഷ്യ വിദഗ്ധൻ ഡോ. സജേഷ്, ഡോ. എം.എസ്. നിധിൻ, നഴ്‌സുമാരായ സ്മിത കുമാർ, ആര്യ ചന്ദ്രൻ, സീതാമോൾ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണ്. താലൂക്ക് ആശുപത്രിയിൽ അനസ്‌തേഷ്യ വിദഗ്ധനെ സ്ഥിരമായി നിയമിച്ചാൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയും.