പാലാ: കൊവിഡ് രോഗികളുടെ വീടിന് മേലേയ്ക്ക് കാറ്റിൽ മരമൊടിഞ്ഞുവീണിട്ട് തിരിഞ്ഞുനോക്കാതെ കൊഴുവനാൽ പഞ്ചായത്തധികൃതർ. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് വാർഡ്‌ മെമ്പർ ലിൻസി സണ്ണിയുടെ നേതൃത്വത്തിലുള്ള ഉള്ളനാട് റാപ്പിഡ് ഫോഴ്‌സ് വിന്നേഴ്‌സ്
സംഘമെത്തിയാണ് മരം വെട്ടിമാറ്റി അപകടം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസത്തെ കനത്തകാറ്റിലാണ് കെഴുവംകുളത്ത് കൊവിഡ് രോഗികളുള്ള കുടുംബത്തിന്റെ വീടിന്റെ മുകളിലേക്ക് രണ്ട് റബർമരങ്ങൾ ഒടിഞ്ഞുവീണത്. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിത്തകരുകയും
ചെയ്തു. മരം വെട്ടിമാറ്റാൻ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെ പലരോടും സഹായം തേടിയെങ്കിലും കൊവിഡിന്റെ കാര്യം പറഞ്ഞ് എല്ലാവരും
കൈയൊഴിഞ്ഞു.നിസഹായരായ വീട്ടുകാർ ഒടുവിൽ പാലാ ജനമൈത്രീ പൊലീസിന്റെ സഹായം തേടി. പാലാ ജനമൈത്രീ പൊലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് റാപ്പിഡ് ഫോഴ്‌സ് വിന്നേഴ്‌സ് ക്ലബിലെ അംഗങ്ങൾ കെഴുവംകുളത്തെത്തി മരം വെട്ടിമാറ്റിയത്. അതേസമയം കൊവിഡ് രോഗികളുടെ വീട് മരം വീണ് തകർന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് പറയുന്നു.