പാലാ: അച്ചാറിടാൻ മാങ്ങയരിഞ്ഞ് പ്രസിഡന്റ്. സാമ്പാറിന് കഷണം നുറുക്കി വൈസ് പ്രസിഡന്റ്. ചോറും കറികളും തയാറാക്കാൻ മെമ്പർമാരും സന്നദ്ധ സംഘടനാ പ്രവർത്തകരും.

കൊവിഡ് രോഗികളുടെ കുടുംബത്തിനും മറ്റ് സാധുജനങ്ങൾക്കും ഭക്ഷണമുണ്ടാക്കുന്നതിന് കൊഴുവനാൽ പഞ്ചായത്തിൽ ആരംഭിച്ച സമൂഹ അടുക്കളയിലെ ' തൊഴിലാളി 'കളാണ് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജും, വൈസ് പ്രസിഡന്റ് ബി.രാജേഷും മെമ്പർമാരുമൊക്കെ. അണിഞ്ഞിരുന്ന ചുരിദാറിനു മേലെ തോർത്തുടുത്ത് തനി വീട്ടമ്മയായി കറിക്കു നുറുക്കി പ്രസിഡന്റ് നിമ്മിയാണ് അടുക്കളയുണർത്തിയത്.

ഇന്നലെ ആരംഭിച്ച സമൂഹ അടുക്കളയുടെ ഉദ്ഘാടനം ജോലി ചെയ്ത് കൊണ്ടാണ് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ് നിർവഹിച്ചത്.
ആദ്യ ദിവസത്തെ ഭക്ഷണം സന്നദ്ധ പ്രവർത്തകർക്ക് വിതരണത്തിനായി കൈമാറി. വൈസ് പ്രസിഡന്റ് രാജേഷ് ബിയും എൽ.ഡി.എഫ് നേതാക്കന്മാരായ ടി.ആർ വേണുഗോപാൽ, ജെയ്‌മോൻ പരിപ്പീറ്റതോട്ട്, ബാബു കെ ജോർജ്,സാജൻ മണിയങ്ങാട്ട്, സെന്നി തകിടിപ്പുറം എന്നിവരും പഞ്ചായത്ത് മെമ്പർമാരായ മാത്യു തോമസ്, പി.സി ജോസഫ്, ഗോപി കെ.ആർ, അനീഷ് ജി,രമ്യാ രാജേഷ്,ലീലാമ്മ ബിജു, മഞ്ജു ദിലീപ്, അനീസ് കുര്യൻ, സ്മിതാ വിനോദ്, ആലീസ് ജോയി, മെർളി ജെയിംസ് , സെക്രട്ടറി ലിജോ ജോബ്, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരും സമൂഹ അടുക്കള പ്രവർത്തനങ്ങളിൽ പങ്കെടുത്തു.