duck

കോട്ടയം: കൊവിഡ് കാലത്തെ ബാദ്ധ്യതയ്ക്ക് പിന്നാലെ കുട്ടനാട്ടിൽ കൂട്ടത്തോടെ താറാവുകൾ ചാകുമ്പോൾ അപ്പർകുട്ടനാട്ടിലെ താറാവ് കർഷകരുടെയും നെഞ്ച് പുകയുകയാണ്. നിലവിൽ ജില്ല സുരക്ഷിതമാണെങ്കിലും പക്ഷിപ്പനിക്ക് പിന്നാലെ മറ്രൊരു ദുരന്തംകൂടി താങ്ങാനുള്ള കെൽപ്പില്ല കർഷകർക്ക്.

2014 മുതൽ പക്ഷിപ്പിനി വിടാതെ പിടികൂടുന്നുണ്ട്. 2014, 2016, കഴിഞ്ഞ ജനുവരി സമയങ്ങളിൽ പക്ഷിപ്പനി കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ജില്ലയിൽ ഈ വർഷം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത നീണ്ടൂരിലെ പാടശേഖരങ്ങളിൽ അതിന് ശേഷം താറാവുകളെ വളർത്തിയിട്ടില്ല.

അപ്പർ കുട്ടനാട്ടിൽ മാത്രം താറാവു കർഷകരും തൊഴിലാളികളുമായി ആയിരത്തോളം പേരുണ്ട്. മുട്ടത്താറാവിനേക്കാൾ ഇറച്ചിത്താറാവുകളുടെ വിൽപനയാണ് കൂടുതൽ. പകുതിയിലേറെ കർഷകർ ഇപ്പോൾ ഈ രംഗത്തു നിന്നു പിന്മാറി.
താറാവുകൾക്കുള്ള പ്രതിരോധ മരുന്നുകളായ പാസ്ചുറല്ലാ, റൈമുറല്ലാ എന്നിവയുടെ ഉത്പാദനം നടക്കുന്നത് തിരുവനന്തപുരം പാലോട് മൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലെ സ്ഥാപനത്തിലാണ്. സംസ്ഥാനത്തിന്റെ മൊത്തം ആവശ്യത്തിനുള്ള മരുന്നുത്പാദിപ്പിക്കാനുള്ള ശേഷി ഇവിടെയില്ല. കർഷകർക്ക് ആവശ്യമായ മരുന്ന് വിതരണം ചെയ്യാനും കഴിയുന്നില്ല. പ്രതിരോധ മരുന്നു നിർമാണ കേന്ദ്രവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗവേഷണ പരിശോധനാ സംവിധാനവും കുട്ടനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും നടപ്പായിട്ടില്ല. മഞ്ഞാടിയിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പരിശോധനാ കേന്ദ്രത്തിൽ പ്രാഥമിക പരശോധനയ്ക്കുള്ള സംവിധാനം മാത്രമാണുള്ളത്. അവിടെ ജീവനക്കാരുടെ കുറവ് പരിശോധനയെ ബാധിക്കാറുണ്ട്. ആഴ്ചകൾ കാത്തിരക്കേണ്ട അനുഭവവും കർഷകർക്കുണ്ട്. താറാവുകൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും നടപ്പായിട്ടില്ല.

നീണ്ടൂർ, വെച്ചൂർ പ്രത്യേക നിരീക്ഷണം

മുൻപ് പക്ഷിപ്പിനി സ്ഥിരീകരിച്ച നീണ്ടൂർ, വെച്ചൂർ പഞ്ചായത്തുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് ദിവസം കൂടുമ്പോൾ താറാവുകളുടെ രക്തം പരിശോധിക്കുന്നുണ്ട്.

'' ഇനി ഒരു ദുരന്തംകൂടി താങ്ങാനാവില്ല. തീറ്റ കൊടുക്കാനുള്ള പണം പോലും കൈയിലില്ല. വല്ലാത്ത അവസ്ഥയിലാണ്''

- തങ്കച്ചൻ, താറാവ് കർഷകൻ

''ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലായിടത്തും ജാഗ്രതാ നിർദേശം കൊടുത്തിട്ടുണ്ട്. കൂട്ടമരണം റിപ്പോർട്ട് ചെയ്തിട്ടില്ല''

-ഡോ.ഷാജി പണിക്കശേരിൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ