കുടിവെള്ളം തുടര്‍ന്നും നല്‍കുമെന്ന് ഉടമ
കട്ടപ്പന: കട്ടപ്പന ഒ.ജെ. നഗറിലെ കണിയാൻ ബ്ലോക്ക് കുടിവെള്ള പദ്ധതിയുടെ മോട്ടോർപുര പൊളിച്ചുമാറ്റിയതിനെചൊല്ലി തർക്കം. ബുധനാഴ്ച വൈകട്ടോടെയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച മോട്ടോർ പുര മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊളിച്ചുനീക്കിയത്. തുടർന്ന് ഗുണഭോക്താക്കളടക്കം രംഗത്തെത്തുകയായിരുന്നു. അതേസമയം കുളവും മോട്ടോർപുര ഉൾപ്പെടുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഉടമയുടെ പക്കലുണ്ട്. 1998 കാലഘട്ടത്തിലാണ് ഒ.ജെ. നഗറിൽ കുടിവെള്ള പദ്ധതി ആരംഭിച്ചത്. എന്നാൽ 2010ൽ പദ്ധതി മുടങ്ങിയിരുന്നു. പിന്നീട് നാട്ടുകാർ മോട്ടോർ ഉപയോഗിച്ച് പദ്ധതിയിൽ പെട്ട കുളത്തിൽ നിന്ന് വെള്ളം ശേഖരിച്ച് ഉപയോഗിച്ചുവരികയായിരുന്നു. കുളവും മോട്ടോർപുരയും ഒ.ജെ നഗറിലും ടാങ്ക് മൈത്രി നഗറിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കുളത്തിന് മുകളിലൂടെ കോൺക്രീറ്റ് റോഡ് നിർമിച്ചപ്പോൾ ഗുണഭോക്താക്കളിൽ ചിലർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ കട്ടപ്പന സി.ഐയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളും സ്ഥലമുടമയുമായി ചർച്ച നടത്തി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഉടമ ഹാജരാക്കി. രണ്ട് വർഷം മുമ്പാണ് പദ്ധതി പ്രദേശത്തോട് ചേർന്ന സ്ഥലം വാങ്ങിയത്. കുളവും മോട്ടോർ പുരയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച രേഖകളും കൈവശമുണ്ടെന്നും ഉടമ പറഞ്ഞു. തുടർന്ന് കുടിവെള്ള ശേഖരണം തടസപ്പെടുത്തില്ലെന്ന് ചർച്ചയിൽ ധാരണയിലെത്തി. അതേസമയം കുളവും മോട്ടോർപുരയും ഉൾപ്പെടുന്ന പ്രദേശം മുമ്പ് പഞ്ചായത്തായിരുന്നപ്പോൾ പദ്ധതിക്കായി ഏറ്റെടുത്തതായുള്ള രേഖകളൊന്നും ഗുണഭോക്താക്കൾക്ക് നഗരസഭ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ല.