leopard

കുമളി: വണ്ടിപ്പെരിയാർ നെല്ലിമലയിൽ നാട്ടുകാരുടെ ഉറക്കംകെടുത്തിയ പുള്ളിപ്പുലി ഒടുവിൽ കെണിയിൽ വീണു. നെല്ലിമല പുതുവൽ ഭാഗത്ത് വനപാലകർ സ്ഥാപിച്ച കൂടിനുള്ളിൽ ഇന്നലെ പുലർച്ചെയാണ് പുലി കുടുങ്ങിയത്. ആറ് വയസ് പ്രായമുള്ള പുലി മൂന്ന് മാസത്തിനിടെ അഞ്ച് വളർത്തുമൃഗങ്ങളെയാണ് കൊന്നുതിന്നത്. രാത്രികാലങ്ങളിൽ നാട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയമായിരുന്നു. കഴിഞ്ഞദിവസം പുതുവലിലെ വീട്ടിൽ നിന്ന് പശുക്കിടാവിനെ പിടിച്ചതോടെ വനപാലകർ കാമറ സ്ഥാപിച്ചു. ഇതോടെയാണ് ആക്രമണം നടത്തുന്നത് പുലിയാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ സ്ഥാപിച്ച കെണിയിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് പുലി വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധനകൾക്ക് ശേഷം പുലിയെ വള്ളക്കടവ് പച്ചക്കാനം വനമേഖലയിൽ തുറന്നുവിട്ടു.