 സബ് കമ്മിറ്റി രൂപീകരിച്ചു
 കളക്ടറുടെ ഉത്തരവിൽ ബി.ഡി.ഒയും അന്വേഷണം തുടങ്ങി


കട്ടപ്പന: തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് അയ്യപ്പൻകോവിൽ പഞ്ചായത്ത് രൂപീകരിച്ച സബ് കമ്മിറ്റിയും അന്വേഷണം നടത്തും. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനമെടുത്തത്. വൈസ് പ്രസിഡന്റ്, മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഒരു പഞ്ചായത്ത് അംഗം, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ, ഹെഡ് ക്ലാർക്ക്, രണ്ട് ക്ലാർക്കുമാർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ജനപ്രതിനിധികളെല്ലാം ഭരണകക്ഷിയിൽപ്പെട്ടവരാണ്. കളക്ടറുടെ നിർദേശപ്രകാരം ബി.ഡി.ഒ നടത്തുന്ന അന്വേഷണത്തിന് പുറമേയാണിത്. ലക്ഷങ്ങളുടെ ക്രമക്കേടുള്ളതിനാൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യണമെന്ന് ഒരു ഭരണകക്ഷി അംഗം പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗവും ഇതിനെ പിന്തുണച്ചെങ്കിലും സർവീസിൽ നിന്ന് വിരമിച്ചവർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെയും മുൻ ജനപ്രതിനിധികളെയും വിളിച്ചുവരുത്തേണ്ടി വരുമെന്നുള്ള സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് ആവശ്യം തള്ളുകയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് 2.85 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. നിലവിലും എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സംരക്ഷിക്കാനാണ് സബ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന്റെ പേരിൽ ഫയലുകൾ വിട്ടുകൊടുക്കാതെ ബി.ഡി.ഒയുടെ അന്വേഷണം തടസപ്പെടുത്താൻ നീക്കം നടക്കുന്നതായും ഇവർ പറയുന്നു. ഇതിനിടെ ബി.ആർ.ഒ ബി. ധനേഷ് വ്യാഴാഴ്ച മുതൽ അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. 2017- 18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന് കരാർ വ്യവസ്ഥയിൽ ജോലിയിലുണ്ടായിരുന്ന അക്രഡിറ്റഡ് എൻജിനീയർ, രണ്ട് ഓവർസീയർമാർ, രണ്ട് ഡി.ടി.പി ഓപ്പറേറ്റർമാർ എന്നിവരെ കളക്ടർ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.