അടിമാലി: കൊന്നത്തടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഡൊമിസിലറി കെയർ സെന്ററിൽ ഡോക്ടറുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 13 പേരാണ് ഇപ്പോൾ ഡൊമിസിലറി കെയർ സെന്ററിൽ കഴിയുന്നത്. കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാനൂറിലധികം പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ 335 പേരാണ് പഞ്ചായത്തിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 13 രോഗികൾ ഡൊമിസിലറി കെയർ സെന്ററിലും 11 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും മൂന്നുപേർ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഡൊമിസിലറി കെയർ സെന്ററിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഒരു ഡോക്ടറുടെയും രണ്ടു നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കണമെന്നു ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇടുക്കി അസംബ്ലി കോഡിനേറ്റർ ലിനീഷ് അഗസ്റ്റിൻ ആവശ്യപ്പെട്ടു. ഡൊമിസിലറി കെയർ സെന്ററിന് പുറമെ പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും ആരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി ഉയർന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ കൊവിഡ് ടെസ്റ്റുകൾ വർദ്ധിപ്പിക്കണമെന്നും ലിനീഷ് അഗസ്റ്റിൻ ആവശ്യപ്പെട്ടു.