കട്ടപ്പന: കൊവിഡ് മുക്തരായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാനസിക സംഘർഷമൊഴിവാക്കാൻ സൗജന്യ ടെലി കൗൺസിലിംഗുമായി ഡോക്ടർ ദമ്പതികൾ. കട്ടപ്പന സ്വദേശികളായ ഡോ. ശരത് കൃഷ്ണയും ഡോ. ജയലേഖയും നിരവധി പേർക്ക് ഇതിനോടകം കൗൺസിലിംഗ് നൽകി കഴിഞ്ഞു. ആഴ്ചകൾക്ക് മുമ്പ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ഇവരെ വിളിച്ച് സേവനം തേടിയിരുന്നു. തുടർന്ന് മറ്റുള്ളവർക്കും കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചു. രോഗമുക്തരായി വീടുകളിൽ കഴിയുന്ന നിരവധി പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നതായി മനസിലാക്കാൻ കഴിഞ്ഞെന്ന് ഡോ. ശരത് കൃഷ്ണ പറയുന്നു. ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. രോഗമുക്തരായവർക്ക് ആയുർവേദ ചികിത്സകളെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നുണ്ട്. ഋഷഭാദ്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ കൗൺസിലിംഗിനായി 04868 273298, 9176448215 ഈ നമ്പരുകളിൽ വിളിക്കാം.