പാലാ:കിടങ്ങൂർ ടൗണിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ വൻതീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികളും കമ്പ്യൂട്ടറും എ.സികളുമടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു. കിടങ്ങൂർ മണർകാട് റോഡിലുള്ള കിടങ്ങൂർ റൂറൽഹൗസിംഗ് സൊസൈറ്റിയുടെ കീഴിലുള്ള കിടങ്ങൂർ ഹൈപ്പർമാർക്കറ്റിൽ ഇന്നലെ പുലർച്ചെ 1.15 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. ഇരുനിലകെട്ടിടത്തിന്റെ മുകൾനിലയിൽ സെക്രട്ടറിയടക്കം മൂന്ന് വനിതാ
ജീവനക്കാർ താമസിക്കുന്നുണ്ടായിരുന്നു. ഉറക്കത്തിനിടെ താഴത്തെനിലയിൽ നിന്ന് തീയും കനത്ത പുകയും ഉയരുന്നതറിഞ്ഞ് ഞെട്ടിയെണീറ്റ ഇവർ പാലാ ഫയർഫോഴ്‌സിലും കിടങ്ങൂർ പൊലീസിലും വിവരമറിയിക്കുകയായിരുന്നു. പട്രോളിങ്ങിന്റെ ഭാഗമായി ടൗണിന് സമീപമുണ്ടായിരുന്ന പൊലീസ് സംഘം ഇവിടേക്ക് കുതിച്ചെത്തി. എസ്.ഐ എൻ.സജീവും പൊലീസ് ഡ്രൈവർ ജോസും ചേർന്ന് മുകൾനിലയിൽ നിന്നും
ജീവനക്കാരെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. തൊട്ടുപിന്നാലെ പാലായിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജിജിമോന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷട്ടർ തുറന്നപ്പോഴേക്കും ഉള്ളിലുളള സാധനസാമഗ്രകളിലേക്ക് മുഴുവൻ തീ പടർന്നിരുന്നു. ഇതിനിടെ കോട്ടയത്തുനിന്നും ജില്ലാ ഫയർ ഓഫീസർ രാംകുമാറിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് കൂടി എത്തിയതോടെയാണ് ഒരുമണിക്കൂറോളം പണിപ്പെട്ട് തീ പൂർണ്ണമായും അണച്ചത്. 80 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സൂപ്പർമാർക്കറ്റിന്റെ ഉടമസ്ഥരായ സൊസൈറ്റി അധികൃതർ പറയുന്നു.