kadu

കറുകച്ചാൽ: റോഡരികുകൾ കാടും പടർപ്പും നിറഞ്ഞു. ഭീതിയോടെ യാത്രക്കാർ. സുരക്ഷയില്ലാത്ത റോഡിലൂടെ രണ്ടും കൽപിച്ച് സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. കറുകച്ചാൽ-വാഴൂർ റോഡിലാണ് ഏറെ അപകട സാദ്ധ്യതയുള്ളത്. കറുകച്ചാൽ ബസ് സ്റ്റാൻഡ് മുതൽ നെത്തല്ലൂർ കവല വരെ തിരക്കേറിയ ഭാഗമാണ്. അപകടങ്ങൾ പതിവായ ഈ ഭാഗങ്ങളിൽ കാൽനട യാത്ര ഏറെ ബുദ്ധിമുട്ടാണ്. നടപ്പാതകളില്ലാത്തതാണ് പ്രധാന പ്രശ്‌നം. റോഡിന്റെ ഇരുവശങ്ങളിലും പത്തടിയോളം വീതിയുണ്ടെങ്കിലും ഇവിടെ നടപ്പാതകൾ നിർമ്മിച്ചിട്ടില്ല. ടാറിംഗിനോട് ചേർന്ന് കാടും പടർപ്പും നിറഞ്ഞ് കിടക്കുകയാണ്. വാഹനങ്ങൾ വരുമ്പോൾ യാത്രക്കാർ റോഡരികിൽ മാറി നിൽക്കേണ്ട സ്ഥിതിയാണ്. കോട്ടയം-കോഴഞ്ചേരി റോഡിന്റെ ഭാഗമായ കറുകച്ചാൽ-മല്ലപ്പള്ളി റോഡിന്റെ സ്ഥിതിയാണ് ഏറെ ദുഷ്‌കരം. നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും കുറ്റിക്കാടുകൾ നിറഞ്ഞു. ഉയരത്തിലുള്ള മൺതിട്ടകളിൽ നിന്നും കാടുംപടർപ്പും കുറ്റിച്ചെടികളും വളർന്നതോടെ പലയിടങ്ങളിലും എതിരെ വരുന്ന വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. വളവുകളിലടക്കം പാഴ്‌മരങ്ങളും കാടും പടർപ്പും നിറഞ്ഞു. കാൽനട യാത്രക്കാർ റോഡിന്റെ വശം ചേർന്ന് ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കറുകച്ചാൽ-മണിമല റോഡിലും ഇതേ സ്ഥിതിയാണ്. പതിവായി അപകടങ്ങൾ ഉണ്ടാകുന്ന റോഡുകളിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കാതെയാണ് നിർമ്മിച്ചിട്ടുള്ളത്. കാടും പടർപ്പും നിറഞ്ഞ പാതയോരങ്ങളിൽ ഇന്ന് മാലിന്യങ്ങൾ തള്ളുന്നതും പതിവായിരിക്കുകയാണ്. അപകട സാദ്ധ്യതയേറിയ പ്രദേശങ്ങളിൽ നടപ്പാതകൾ നിർമ്മിക്കുകയോ കുറ്റിക്കാടുകളും മൺതിട്ടകളും ഒഴിവാക്കാനോ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.