അടിമാലി: ലോക്ക് ഡൗൺ കാലത്ത് കള്ളവാറ്റ് തുടക്കത്തിലെ തടഞ്ഞു കൊണ്ട് എക്‌സൈസ്. മേയ് ഒന്നുമുതൽ 21 വരെ 8932 ലിറ്റർ കോടയാണ് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതിനോടകം 60 കേസുകളും 45 പ്രതികളും അതിൽ 17 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.ഇതോടൊപ്പം 53 ലിറ്റർ കള്ളചാരയം പിടിച്ചെടുത്തു. ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ കള്ള വാറ്റ് കേന്ദ്രങ്ങളിലാണ് കൂടുതലായും കോട പിടിച്ചെടുത്തത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വാറ്റ് ചാരായം സുലഭമായിരുന്നു. പല മുൻകാല കള്ളവാറ്റുകാരും കളംപിടിക്കാൻ രംഗത്തെത്തിയിരുന്നു. ഇവർ നല്ല നിലയിൽ ബിസിനസ് നടത്തുകയും ചെയ്തിരുന്നു.
കഞ്ചാവുകാർ
മാളത്തിലൊളിച്ചു
ലോക്ക് ഡൗണിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കഞ്ചാവ് കടത്ത് കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതു ഗതാഗതം നിരോധിച്ചതോെടെ റിസ്ക്കെടുത്ത് കഞ്ചാവ് കടത്താൻ പലരും വിമുഖത കാണിച്ചു. ഈ കാലയളവിൽ ഒന്നരക്കിലോ കഞ്ചാവ് മാത്രമാണ് പലരിൽനിന്നായി കണ്ടെത്തിയത്. കള്ളവാറ്റുമായി ബന്ധപ്പെട്ട് 8 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ കഞ്ചാവ് കെ സ്സിൽ 2 വാഹനങ്ങൾ മാത്രമാണ് എക്‌സൈസ് പിടിച്ചെടുത്തത്. എക്‌സൈസിന്റെ നിരന്തര നിരീക്ഷണം ജില്ലയിലെ എല്ലാ എക്‌സൈസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വ്യാപകമാക്കിയതായും ഇത് ഏറെ ഗുണം ചെയ്തുവെന്നും ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി.പ്രദീപ് അറിയിച്ചു.