പൊൻകുന്നം: ജനന്മയ്ക്കായ് ഒരു നാട് ഒരുമിക്കുമ്പോൾ മറ്റെങ്ങും കാണാത്ത ഒരു മാതൃകയാണ് ചേനപ്പാടി എന്ന കൊച്ചുഗ്രാമം കാട്ടിത്തരുന്നത്. പരസ്പരം താങ്ങും തണലുമായി കൊവിഡ് എന്ന മഹാമാരിയെ നേരിയുകയാണവർ. അടുത്തുനിൽക്കുന്നവരുടെ ആവശ്യങ്ങളറിഞ്ഞ് സഹായിക്കുക സഹകരിക്കുക. ഇതാണ് എരുമേലി ഗ്രാമപഞ്ചായത്തിലെ 1,2,3 വാർഡുകൾ ഉൾക്കൊള്ളുന്ന ചേനപ്പാടിക്കാരുടെ കൂട്ടായമയിൽ നടക്കുന്നത്. നേതൃത്വം നൽകുന്നത് ചേലുള്ള ഗ്രാമം ചേനപ്പാടി എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ചേനപ്പാടി വികസന സമിതി എന്ന സംഘടനയും അതിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയും. രാഷ്ട്രീയം, മതം, ജാതി തുടങ്ങിയ ഭേദചിന്തകളൊന്നുമില്ലാതെ ഗ്രാമത്തിലെ എല്ലാ വീടുകളിലും ഇവരുടെ സേവനം എത്തുന്നു. ചേനപ്പാടിയിൽ എഫ്.എൽ.ടി.സി ആരംഭിക്കണമെന്നും അനുവദിച്ചാൽ എല്ലാ ചെലവുകളും ഏറ്റെടുക്കാമെന്നും കൂട്ടായ്മ അറിയിച്ചു. കൊവിഡ് രോഗികളുടെ അടക്കം എല്ലാ വീടുകളിലും 1400 രൂപ വിലയുള്ള ഭക്ഷ്യ കിറ്റുകൾ എത്തിച്ചുനൽകി. എല്ലാ വീടുകളിലും കുട്ടികൾക്ക് ബ്രഡ്ഡും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നുണ്ട്. ശാവർക്കർമാർക്ക് പി.പി.ഇ കിറ്റുകൾ, പൾസ് ഓക്‌സി മീറ്റർ എന്നിവ സൗജന്യമായി നൽകി. സന്നദ്ധ സംഘടനകളിലേ വോളന്റിയർമാർക്കും പി.പി.ഇ കിറ്റുകൾ നൽകി. ഒപ്പം അവരുടെ ആരോഗ്യം സംരക്ഷിക്കാൻ എല്ലാ ദിവസവും മുട്ടയും പാലും വിറ്റാമിൻ ഗുളികകളും നൽകി വരുന്നു. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഓരോആഴ്ചയും ആവശ്യമുള്ള വിഭവങ്ങൾ സ്ഥിരമായി നൽകുന്നതും ഈ കൂട്ടായ്മയാണ്. കുട്ടികൾക്കുള്ള പാൽപ്പൊടി വിതരണം, രോഗികൾക്ക് വാഹന സർവീസ് തുടങ്ങിയ സേവനങ്ങൾ നൽകിവരുന്നു.