വൈക്കം : വൈക്കം ടൗണിൽ നഗരസഭയുടെ ചുമതലയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ രണ്ട് തണൽ മരങ്ങൾ അടിവേര് തകർന്ന് അപകടനിലയിലായത് കച്ചവടക്കാരെയും സമീപവാസികളെയും ഭയപ്പെടുത്തുന്നു. തീവ്രമഴയും കാറ്റും ഉണ്ടാകാനുള്ള മുന്നറിയിപ്പുകൾക്കിടയിൽ മരങ്ങൾ കാറ്റിൽ ആടിയുലയുന്നതാണ് ആശങ്കയ്ക്കുളവാക്കുന്നത്. ഒരു നൂറ്റാണ്ടുകാലത്തെ വളർച്ചയും പഴമയും ഉള്ളതാണ് മരങ്ങൾ. ദീർഘകാലം യാത്രക്കാർക്കും കച്ചവടക്കാർക്കും മറ്റും തണലേകി നന്മയുടെ ഭാഗമായ മരം ഇപ്പോൾ അപകടകരമായത് കച്ചവടക്കാരെയും യാത്രക്കാരെയും വിഷമിപ്പിക്കുന്നു.
കൊച്ചുകവല,കെ.എസ്.ആർ.ടി.സി ,ആശുപത്രി, ബോട്ട്‌ജെട്ടി, കച്ചേരിക്കവല റോഡരികിലാണ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്. യാത്രക്കാരും വാഹനത്തിരക്കും ഏറെയാണ്. റോഡിലേക്ക് തലനീട്ടി നിൽക്കുന്ന വലിയശിഖരങ്ങൾ മരത്തിന്റെ ചുവടിന് താങ്ങാനാക്കാത്ത ഭാരമായി. വേമ്പനാട്ട് കായലിന്റെ തീരത്തുള്ള ഈ ഭാഗത്ത് കാറ്റും കോളും അനുഭവപ്പെട്ടാൽ മരം നിലംപൊത്തുന്ന സാഹചര്യമാണ്.

പരാതി കൊടുത്തിട്ടും ഫലമില്ല

താലൂക്ക് ഗവ.ആശുപത്രിയിലേക്കും, വൈക്കം നഗര പ്രദേശങ്ങളിലേക്കേും 11 കെ.വി ലൈൻ ഇതുവഴിയാണ് കടന്ന് പോകുന്നത്. മരം മറിഞ്ഞുവീണാൽ വൈദ്യുതി വിതരണം പാടേ നിലയ്ക്കും. മരങ്ങളുടെ അപകട സാഹചര്യം ചൂണ്ടിക്കാട്ടി കച്ചവടക്കാരും പ്രദേശവാസികളും ചേർന്ന് നഗരസഭയ്ക്ക് പരാതി കൊടുത്തിരുന്നു. സെക്രട്ടറിയും,റവന്യു ഇൻസ്‌പെക്ടറും സ്ഥലം സന്ദർശിച്ച് അപകട സാഹചര്യം ബോദ്ധ്യപ്പെട്ടെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് സമീപവാസി ശിവദാസ് നാരായണൻ പറഞ്ഞു.

കടുത്ത അലംഭാവം

തീവ്രമഴയുടെയും ചുഴലിക്കാറ്റിന്റെയും സാഹചര്യങ്ങളുടെ പേരിൽ ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ മുറിച്ച് മാറ്റാൻ ജില്ലാകളക്ടറും, റവന്യു വകുപ്പും നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ നഗരസഭ ഇക്കാര്യത്തിൽ കടുത്ത അലംഭാവം പുലർത്തുകയാണെന്നാണ് ആക്ഷേപം.