rd

ചങ്ങനാശേരി : കാലങ്ങളായി തകർന്ന് യാത്രാ ദുരിതം സൃഷ്ടിച്ചിരുന്ന മലകുന്നം-കണ്ണന്തറപ്പടി റോഡിന് ശാപമോക്ഷമായി. 2018 ലെ മഹാപ്രളയത്തെ തുടർന്ന് റീബിൾഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 1 കോടി 27 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് റോഡ് വർക്ക് ടെണ്ടറായെങ്കിലും എസ്റ്റിമേറ്റിന് അധികമായ തുക കോൺട്രാക്ടർ ഡിമാൻഡ് ചെയ്തതോടെ പണി അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറിയതോടെ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്റെ നേതൃത്വത്തിൽ അടിയന്തിര ഇടപെടലുകൾ നടത്തി റോഡിന്റെ നിർമ്മാണാനുമതി നേടിയെടുത്തു. വെള്ളിയാഴ്ച റോഡ് ടാറിംഗ് വർക്കുകൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നു നൽകി. ഇതോടെ ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂൾ, മലകുന്നം ഗവ.എൽ.പി സ്‌കൂൾ, ഇളങ്കാവ് വിദ്യാമന്ദിർ, പൊടിപ്പാറ തിരുകുടുംബ ദേവാലയം എന്നിവടങ്ങളേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമായി. റോഡിന്റെ പുരോഗതി വിലയിരുത്തുന്നതിനായി നിയുക്ത എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ പ്രദേശം സന്ദർശിച്ചു. വാർഡ് മെമ്പർ ബിജു എസ്.മേനോൻ, ജോസുകുട്ടി കണ്ണന്തറ എന്നിവർ പങ്കെടുത്തു.