പാലാ : വൈദ്യുതി മുടക്കം തുടർക്കഥയായെന്ന നാട്ടുകാരുടെ പരാതി കേട്ടുമടുത്ത കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി കൊല്ലപ്പള്ളി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നേരിട്ടെത്തി ജീവനക്കാരുമായി സംസാരിച്ചു. സെക്ഷൻ ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി വൈദ്യുതി മുടക്കം പതിവാണ്. മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് തന്നെയാണ് അവസ്ഥ. നാട്ടുകാർ പരാതിയുമായി ജോസ് കെ മാണിയെ കാണാനെത്തി. പരാതികൾ സെക്ഷനിൽ അറിയിച്ചിട്ടും പരിഹാരമാവുന്നില്ലെന്ന് കേട്ടപ്പോൾ പ്രവർത്തകരെയും കൂട്ടി ജോസ് നേരെ ഓഫീസിലത്തുകയായിരുന്നു. സബ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മുന്നിൽ അദ്ദേഹം നാട്ടുകാരുടെ പരാതികൾ അറിയിച്ചു. അടിസ്ഥാനാവശ്യമായ വൈദ്യുതി മുടക്കം കൂടാതെ ലഭിക്കേണ്ടത് പൗരന്റെ അവകാശമാണെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. പരാതികൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. അടുത്ത ദിവസം രാമപുരത്തെ തുടർച്ചയായുള്ള വൈദ്യുതി തടസത്തിനു പരിഹാരം കാണാനും ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.