കുമരകം : കൊവിഡ്, വെള്ളപ്പൊക്കം പിന്നാലെ ഡെങ്കിപ്പനിയും കുമരകത്ത് ആശങ്ക ഉയരുകയാണ്. കുമരകം 10-ാം വാർഡിൽ വായനശാല ഭാഗത്തുള്ള വില്ല -1 ൽ താമസിക്കുന്ന ഗൃഹനാഥനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കലശലായ പനി മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡാണെന്ന് കരുതിയിരിക്കുമ്പോഴാണ് ഇന്നലെ ഉച്ചയോടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. റിപ്പോർട്ട് ഡി.എം.ഒയ്ക്കും, കുമരകം സി.എച്ച്.സി യിലേക്കും അയച്ചു. രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. വീട്ടിലുള്ളവരെ ആരോഗ്യവകുപ്പധികൃതർ നിരീക്ഷിച്ച് വരികയാണ്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുമരകം ഗ്രാമപഞ്ചായത്തംഗം വി.എൻ.ജയകുമാർ, സി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ.അശോകൻ, ഹെൽത്ത് സൂപ്പർവൈസർ പി.എസ്.ഗിലൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനില ജോർജ്, ആശാ വർക്കർ ഗീത മണി എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
പരിസര ശുചീകരണ യജ്ഞം
ആരോഗ്യപ്രവർത്തകരുടെ സഹകരണത്തോടെ പരിസരശുചീകരണ യജ്ഞം നടത്താൻ തീരുമാനിച്ചു. വിവരങ്ങൾ ശേഖരിക്കലും, ഉറവിടനശീകരണവും ബോധവത്കരണവും ബ്ലീച്ചിംഗ് പൌഡർ വിതരണവും വാർഡ് തലത്തിൽ ആരംഭിച്ചു. മഴ മാറിയ ശേഷം ഫോഗിംഗും, സ്‌പ്രേയിംഗും നടത്തും. ഹെൽത്ത് വോളന്റിയേഴ്‌സായ ജയപ്രഭഷാജി , പ്രശോഭ പ്രകാശൻ, സജിനി ബിജു, വാർഡ് സന്നദ്ധസേവാംഗം സിനീഷ് കണക്കഞ്ചേരിൽ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.