കമ്പികൾ തുരുമ്പിച്ച ആകാശ പാത പൊളിച്ചുകളയുകയാണ് വേണ്ടതെന്ന് കോട്ടയത്ത് നിന്നുള്ള സഹകരണ മന്ത്രിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായിരുന്ന വി.എൻ.വാസവൻ പറയുമ്പോൾ ഒന്നുകിൽ പൊളിച്ചു കളയുക. അല്ലെങ്കിൽ യാഥാർത്ഥ്യമാക്കുക എന്നാണ് ചുറ്റുവട്ടത്തുള്ളവർക്കും പറയാനുള്ളത്. "ശീമാട്ടി റൗണ്ടാനയിലെ ആകാശ പാത അപ്രായോഗികമെന്ന അഭിപ്രായമാണ് അന്നുമിന്നുമുള്ളത്. കുറേ ഇരുമ്പുകഷണങ്ങൾ മാത്രമുള്ള തുരുമ്പിച്ച പദ്ധതി താഴെ വീഴും മുമ്പ് പൊളിച്ചു കളയണമെന്നാണ് അഭിപ്രായം. തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചർച്ച ചെയ്തായിരിക്കും പൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നാണ് മന്ത്രി മറുപടി നൽകിയത്.
ആകാശപാത നോക്കുകുത്തിയായി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് നൽകാതെ ഇടതുസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാതി. എന്നാൽ റൗണ്ടാനയ്ക്ക് സമീപമുള്ള ശാസ്ത്രി റോഡ് ഉയർത്തി വീതി കൂട്ടുന്ന ലക്ഷങ്ങളുടെ പദ്ധതി ഇപ്പോൾ നടക്കുന്നത് സർക്കാർ ഫണ്ട് ഉപയോഗിച്ചാണ്. ഇതിൽ രാഷ്ട്രീയമില്ലേയെന്നാണ് സി.പി.എം നേതാക്കളുടെ ചോദ്യം.
പുതിയൊരു മാൾ തുറക്കുമ്പോൾ ഏറെ തിരക്കാകുന്ന ശീമാട്ടി റൗണ്ടാനയിൽ കാൽ നട യാത്രക്കാർക്ക് അപകടം കൂടാതെ റോഡ് കുറുകെ കടക്കുന്നതിന് സൗകര്യമൊരുക്കാനാണ് ആകാശപാത വിഭാവന ചെയ്തത്. ലിഫ്റ്റും എസ്ക്കലേറ്ററും മുകളിൽ വിശ്രമിക്കാനുള്ള സൗകര്യവും അക്വേറിയവും ലഘു ഭക്ഷണ ശാലയുമടക്കം വൻ പദ്ധതി. ആകാശപാതയുടെ മുകൾ ഭാഗം ഗാന്ധി സ്മാരകമാക്കാനും ആലോചനയുണ്ടായിരുന്നു. ഒന്നും നടന്നില്ല. മാൾ തുറന്നെങ്കിലും അവിടെ തിരക്കില്ലാതായി. പെട്രോൾ പമ്പ് ഇരുന്ന സ്ഥലം സഭ വിട്ടു കൊടുക്കാതെ വന്നതോടെ നേരത്തേ പ്ലാൻ ചെയ്ത രീതിയിൽ ആവശ്യമായ സ്ഥലം ലഭ്യമായില്ല. താഴത്തെ തൂണുകളിലൊന്ന് അതോടെ പുറത്തായി. തൂണിന് മുകളിലത്തെ വളയങ്ങളിലൊന്ന് വെൽഡ് ചെയ്തു പിടിപ്പിക്കേണ്ടിയും വന്നു. വൈദ്യുതി ,ടെലിഫോൺ, വാട്ടർഅതോറിട്ടി ലൈനുകൾ മാറ്റുന്നതിന് പണമടച്ചെങ്കിലും പൂർത്തിയായോ എന്നു സംശയമാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ എൻജിനിയർമാർ പലതവണ മാറി. പണി മാത്രം മുന്നോട്ടു നീങ്ങിയില്ല.
സി.പി.എം, ബി.ജെ.പി അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളും ആകാശപാത ചുവട്ടിൽ നിരന്തര സമരവുമായെത്തി. ചിലർ പച്ചക്കറി കൃഷിനടത്തി. ഊഞ്ഞാലു കെട്ടി കളിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിരുന്നെങ്കിൽ ആകാശ പാത യാഥാർത്ഥ്യമായേനെ എന്ന് പലരും പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്. തിരുവഞ്ചൂർ ജയിച്ചെങ്കിലും പ്രതിപക്ഷത്തായതിനാലും സമരം നടത്തിയവർ മന്ത്രിമാർ വരെ ആയതിനാലും പണി മുന്നോട്ടു നീങ്ങുമെന്നു തോന്നുന്നില്ല. പഴയ സമരനായകനായ മന്ത്രി വാസവൻ പറഞ്ഞതുപോലെ തിരുവഞ്ചൂരുമായി ചർച്ച നടത്തണം. എങ്ങനെയെങ്കിലും പൂർത്തിയാക്കാൻ ശ്രമിക്കണം. അതല്ലെങ്കിൽ പൊളിച്ചു കളയണമെന്ന് തീരുമാനിക്കണം. വർഷങ്ങളായി പണി ഒരിഞ്ചു മുന്നോട്ടു നീങ്ങാതെ കമ്പികൾ കൊണ്ടുള്ള എട്ടുകാലി വലയായി അടുത്ത അഞ്ചുവർഷവും തുണി ഉടുക്കാത്തതുപോലെ ആകാശത്തു നിൽക്കുന്നത് നഗരത്തിന് നാണക്കേടാണ്. നിൽക്കണോ പോണോ എന്ന ചോദ്യം പോലെ കണ്ടെയ്നർ ലോറിയോ വല്ലോം തട്ടി ആരുടെയെങ്കിലും തലയിൽ വീണ് അത്യാഹിതം സംഭവിക്കും മുമ്പ് രണ്ടിലൊന്ന് തീരുമാനിക്കണം.