കൊടുങ്ങൂർ:എസ്.എൻ.ഡി.പി യോഗത്തിന്റെ മൂന്നു യൂണിയനുകൾ അതിർത്തി പങ്കിടുന്ന വാഴൂർ പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയായി വാഴൂർ 1145ാം നമ്പർ ശാഖയിലെ ഒരുകൂട്ടം യുവാക്കൾ.ചങ്ങനാശേരി യൂണിയൻ രൂപീകരിച്ച ശ്രീനാരായണധർമ്മഭടസംഘം എന്ന സന്നദ്ധ സേനയുടെ ശാഖായൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കൊവിഡ് രോഗികൾക്ക് കൃത്യമായി മരുന്നും ഭക്ഷണവും എത്തിക്കുക ആവശ്യമുള്ളവരെ ആശുപത്രിയിലെത്തിക്കുക,മഹാമാരി മൂലം കഷ്ടപ്പെടുന്ന നിർദ്ധനകുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങളടക്കം സഹായമെത്തിക്കുക, കൊവിഡ്മൂലം മരിക്കുന്ന ആശ്രിതരില്ലാത്തവരുടെ സംസ്‌കാരചടങ്ങുകൾ ഏറ്റെടുത്തു നടത്തുക,കൊവിഡ് ബാധിച്ച വീടുകളിൽ അണുനശീകരണം നടത്തുക തുടങ്ങിയ സേവനങ്ങളാണ് ശ്രീനാരായണധർമ്മഭടസംഘം ചെയ്യുന്നത്. ദിവസവും ഉച്ചഭക്ഷണം അമ്പതോളം വീടുകളിൽ എത്തിച്ചുനൽകുന്നുണ്ട്. ശാഖാപ്രസിഡന്റ് സലികുമാർ വടക്കേൽ,സെക്രട്ടറി പ്രസാദ് വല്യകല്ലുങ്കൽ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിനീഷ് ഇല്ലത്തുപറമ്പിൽ,സെക്രട്ടറി അജു മോഹൻ പച്ചനാക്കുഴിയിൽ,വനിതാസംഘം സെക്രട്ടറി പ്രസന്നാമോഹൻ എന്നിവരുടെ നേൃത്വത്തിൽ 13 പേരടങ്ങുന്നതാണ് ധർമ്മഭടസംഘം യൂണിറ്റ്. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരനാണ് ശാഖകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വിവിധ ജാതിമത വിഭാഗത്തിൽ പെട്ടവരായ 12 പേരുടെ മൃതദേഹങ്ങൾ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചെന്ന് സുരേഷ് പരമേശ്വരൻ പറഞ്ഞു.

ചിത്രംഎസ്..എൻ..ഡി..പി..യോഗം 1145ാം നമ്പർ വാഴൂർ ശാഖയിൽ ധർമ്മഭട സംഘത്തിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണത്തിനായി ഒരുക്കുന്നു