കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബി.ഡി.ഒയുടെ അന്വേഷണ റിപ്പോർട്ട് നാളെ കളക്ടർക്ക് സമർപ്പിക്കും. പഞ്ചായത്തിലെ അഞ്ച് താത്കാലിക ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത ശേഷമാണ് കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. ബി.ആർ.ഒ ബി. ധനേഷ് വ്യാഴാഴ്ച മുതലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കൂടാതെ കേന്ദ്ര സർക്കാരിനും പരാതി നൽകും. കളക്ടറുടെ നിർദേശപ്രകാരം ബി.ഡി.ഒ. നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി പഞ്ചായത്തും സബ് കമ്മിറ്റിയെ ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് യു.ഡി.എഫ്. രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ അന്വേഷണം വിശ്വാസയോഗ്യമല്ല. ഇടതു അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് ബി.ഡി.ഒയുടെ അന്വേഷണം ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാനാണെന്നും യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
ഒരു പ്രതിപക്ഷ അംഗത്തെ പോലും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. നിലവിൽ ബി.ഡി.ഒ.യുടെ നിയന്ത്രണത്തിലുള്ള തൊഴിലുറപ്പ് ഓഫീസിലെ രേഖകൾ ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് നശിപ്പിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. സോഫ്റ്റ് വെയറിലെ വിവരങ്ങൾ നീക്കുകയും പുതുതായി എം. ബുക്കും മസ്റ്ററോളും തയാറാക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ തയാറാകാത്തത് അന്വേഷണം അട്ടിമറിക്കാനാണ്. തൊഴിലുറപ്പ് സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമാണം മുതൽ ക്രമക്കേട് ആരംഭിച്ചതാണ്. സുതാര്യമായി അന്വേഷിച്ചാൽ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് പുറത്തുവരുമെന്നും യു.ഡി.എഫ് ചെയർമാൻ ജേക്കബ് പടലുങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കുര്യൻ, പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ജോസഫ്, ലിസി കുര്യാക്കോസ്, സോണിയ ജെറി, സിജി പ്രമോദ്, ശെൽവകുമാർ എന്നിവർ പറഞ്ഞു.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് 2.85 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. നിലവിലും എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. 2017 18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന് കരാർ വ്യവസ്ഥയിൽ ജോലിയിലുണ്ടായിരുന്ന അക്രഡിറ്റഡ് എൻജിനീയർ, രണ്ട് ഓവർസീയർമാർ, രണ്ട് ഡി.ടി.പി ഓപ്പറേറ്റർമാർ എന്നിവരെ കളക്ടർ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.