പാലാ: 'കറന്റ് വരും പോകും... ഉപയോക്താക്കൾ ഇത് അറിയേണ്ട കാര്യമില്ല'. രാമപുരം കെ.എസ്.ഇ.ബി സെക്ഷനിലെ എൻക്വയറിയിലുള്ള ചില ഉദ്യോഗസ്ഥരുടേതാണ് വിചിത്രമായ നിലപാട്. പരാതിയെ തുടർന്ന് സംഭവത്തിൽ കെ.എസ്.ഇ.ബി പാലാ ഡപ്യൂട്ടി ചീഫ് എൻജിനീയർ ആർ.രമണി ജീവനക്കാരെ താക്കീത് ചെയ്തു. ഇന്നലെ വൈകിട്ട് വൈദ്യുതി നിലച്ചത് സംബന്ധിച്ച്, കൃത്യമായ മറുപടി രാമപുരത്തെ കെ.എസ്.ഇ.ബി
എൻക്വയറി ഓഫീസിൽ നിന്ന് ലഭിക്കാത വന്നതോടെ ഉപയോക്താക്കൾ വിഷയം കെ.എസ്.ഇ.ബി പാലാ ഡപ്യൂട്ടി ചീഫ് എൻജിനീയർ ആർ.രമണിയുടെ
ശ്രദ്ധയിൽപെടുത്തി. ഇതേതുടർന്ന് സാധാരണ ഉപയോക്താവെന്ന മട്ടിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ രാമപുരം കെ.എസ്.ഇ.ബി എൻക്വയറി വിഭാഗത്തിലേക്ക് വിളിച്ചപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് രാമപുരം അസി. എൻജിനീയർ അനിൽകുമാറിനോട്
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മറുപടി തരണമെന്നാവശ്യപ്പെട്ട ഡപ്യൂട്ടി ചീഫ് എൻജിനീയർ എൻക്വയറിയിലിരിക്കുന്ന ജീവനക്കാർ ഉപയോക്താക്കളോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശവും നൽകി. തുടർച്ചയായി 25 മണിക്കൂറുകളോളം വൈദ്യുതി നിലച്ച സംഭവവും രാമപുരം

സെക്ഷന്റെ കീഴിൽ അടിത്തിടെ ഉണ്ടായിരുന്നു. രാമപുരത്തെ തുടർച്ചയായുള്ള വൈദ്യുതി തടസത്തിനെതിരെ വ്യാപാരികളും വിവിധ സംഘടനകളും രംഗത്തുവന്നിരുന്നു.